Alappuzha local

മണ്ണഞ്ചേരി പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

മണ്ണഞ്ചേരി: വേനലിന്റെ കാഠിന്യമേറിയതോടെ മണ്ണഞ്ചേരി പഞ്ചായത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. വേമ്പനാട് കായലിന്റെ തീരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 4,5,6,7 വാര്‍ഡുകളില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ പരക്കം പായുകയാണ്. പൊന്നാട്, അമ്പലക്കടവ്,പുത്തന്‍പറമ്പ്, എച്ചിക്കുഴി, ഷണ്‍മുഖം, മാടത്തിങ്കര, തമ്പകച്ചുവട്, റോഡ്മുക്കിന് കിഴക്ക് എന്നിവിടങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയാണ്.
പ്രദേശവാസികള്‍ നേരം പുലരുമ്പോള്‍ മുതല്‍ തന്നെ സൈക്കിളിലും ഇരു ചക്ര വാഹനങ്ങളിലുമായി കുടിവെള്ളം ശേഖരിച്ചു പോകുന്നത് പതിവ് കാഴ്ചയാണ്. മിക്ക സ്ഥലങ്ങളിലും കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂമിക്കടിയില്‍ ജലലഭ്യത കുറഞ്ഞതുമൂലം വെള്ളം കിട്ടാത്ത അവസ്ഥയാണ്. പലയിടങ്ങളിലും പൈപ്പ് ഉണ്ടെങ്കിലും ആഴ്ചകളായി ശുദ്ധജലം കിട്ടുന്നില്ല. ജപ്പാന്‍ കുടിവെള്ളപദ്ധതി മുഹമ്മ പഞ്ചായത്ത് പരിധിയിലുള്ള അയ്യാടുപറമ്പ് വരെ മാത്രമാണ് എത്തിയിട്ടുള്ളത്.
ഇത് മണ്ണഞ്ചേരി പഞ്ചായത്തിലേക്ക് കൂടി നീട്ടണമെന്ന ആവശ്യത്തിന് ദീര്‍ഘനാളത്തെ പഴക്കമുണ്ട്. വരള്‍ച്ചയുടെ കാഠിന്യം ഏറുമ്പോള്‍ മുന്‍കാലങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ കുടിവെള്ളം എത്തിച്ചിരുന്നു.എന്നാല്‍ അതിനുളള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.  അതേസമയം ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ കണക്ഷന്‍ പൊന്നാട് ഭാഗത്തേക്ക് നീട്ടുന്നതിനുളള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നുംപണി പൂര്‍ത്തികരിക്കുന്നതോടെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധി വരെയെങ്കിലും പരിഹാരമാകുമെന്നും അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it