Alappuzha local

മണ്ണഞ്ചേരിയില്‍ ശുദ്ധജലക്ഷാമം രൂക്ഷം; പരിഹാര നടപടികളില്ല

മണ്ണഞ്ചേരി: വരള്‍ച്ചയുടെ കാഠിന്യം ഏറിയതോടെ മണ്ണഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. കായലിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതോടെ തോടുകളും തണ്ണീര്‍തടങ്ങളും വറ്റിവരണ്ടു.
വിഷുവിന് വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാശ്രയ സംഘങ്ങളും പാരമ്പര്യ കര്‍ഷകരും തരിശ് നിലങ്ങളില്‍ ആരംഭിച്ച പച്ചക്കറി കൃഷിയും കരിഞ്ഞുണങ്ങുകയാണ്. കൃഷിയിടങ്ങളില്‍ പ്രതീക്ഷിച്ച വിളവ് ലഭിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും കടുത്ത ശുദ്ധജല ദൗര്‍ലഭ്യം നിലനില്‍ക്കുകയാണ്.
നാല്, അഞ്ച് വാര്‍ഡുകളിലും റോഡു മുക്കിന് കിഴക്കും ജലസംഭരണി ഉണ്ടെങ്കിലും പ്രദേശത്തെ മുഴുവന്‍ പേര്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ല. കുഴല്‍ കിണറിലെ വെള്ളത്തിന്റെ തോത് താഴുന്നതിനാല്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമെ മോട്ടോര്‍ പമ്പുചെയ്യാനാവുന്നുള്ളൂ.
കായലോര മേഖലയില്‍ താമസിക്കുന്നവര്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് ശുദ്ധജലം ശേഖരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കന്നാസുകളില്‍ കുടിവെള്ളം ശേഖരിച്ച് തലചുമടായി കൊണ്ടുപോവുന്നത് ഇവിടങ്ങളില്‍ പതിവ് കാഴ്ചയായി.
ഓരോ വര്‍ഷവും ബജറ്റില്‍ കുടിവെള്ള പ്രശ്‌നംപരിഹരിക്കുന്നതിനായി പഞ്ചായത്ത് തുക വകയിരുത്തുമെങ്കിലും ഭാഗികമായെ ഇതിനായി പണം ചെലവഴിക്കാറുള്ളൂ. മുന്‍കാലങ്ങളില്‍ ശുദ്ധജലം ശേഖരിച്ച് വാഹനങ്ങളില്‍ ഗ്രാമങ്ങള്‍തോറും വിതരണം ചെയ്തിരുന്നു. ഇക്കുറി വേനല്‍ കടുത്തിട്ടും അതിനുള്ള നടപടികളൊന്നും പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.
സമീപ പഞ്ചായത്തുകളായ ആര്യാടും മുഹമ്മയിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെങ്കിലും അവ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it