മണ്ഡല-മകരവിളക്ക്: ശബരിമലനട ഇന്ന് തുറക്കും

എസ് ഷാജഹാന്‍

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലനട ഇന്നു തുറക്കും. വൈകീട്ട് 5.30നു തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് മേല്‍ശാന്തി തൃശൂര്‍ തലപ്പിള്ളി പൈങ്കുളം പാഞ്ഞാള്‍ ഏഴിക്കോട് മനയില്‍ ഇ എന്‍ കൃഷ്ണദാസ് നമ്പൂതിരി പൊന്നമ്പല നടതുറക്കുക.
സന്ധ്യക്ക് ശബരിമല മേല്‍ശാന്തി കോട്ടയം അയര്‍ക്കുന്നം കാരയ്ക്കാട്ട് ഇല്ലത്തില്‍ എസ് ഇ ശങ്കരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി തൃശൂര്‍ തെക്കുംകര ഇ എസ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ നടക്കും. സോപാനത്ത് മേല്‍ശാന്തിമാരെ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കലശാഭിഷേകം നടത്തും. തുടര്‍ന്ന് ശ്രീകോവിലിലേക്കു കൂട്ടിക്കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ആദ്യം സന്നിധാനത്തും തുടര്‍ന്ന് മാളികപ്പുറത്തുമാണ് സ്ഥാനാരോഹണച്ചടങ്ങ് നടക്കുക. ശേഷം പൂജകളുടെ പുണ്യവുമായി നിലവിലുള്ള പുറപ്പെടാശാന്തിമാര്‍ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എസ് കേശവന്‍ നമ്പൂതിരിയും മലയിറങ്ങും. പുതിയ മേല്‍ശാന്തിമാരാണ് വൃശ്ചികപ്പുലരിയില്‍ നാളെ നട തുറക്കുക. തുടര്‍ന്ന് പതിവുപൂജകളും നെയ്യഭിഷേകവും ആരംഭിക്കും.
വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കാണ് ഇവര്‍ മേല്‍ശാന്തിമാരായി വര്‍ത്തിക്കുക. ശബരിമലയില്‍ 18ാം പടി പഞ്ചലോഹം പൊതിഞ്ഞു നവീകരിച്ചിട്ടുണ്ട്. ശബരിമലയിലെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സേഫ്‌സോണ്‍ പദ്ധതിയും സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളും പ്രവര്‍ത്തനസജ്ജമായി.
ശബരിമല തീര്‍ത്ഥാടന കാലയളവില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനായി ഇക്കുറി ഒരു സബ്കലക്ടറെ ചുമതലപ്പെടുത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 27നു മണ്ഡലപൂജയോടെ ശബരിമലനട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോല്‍സവത്തിനായി ഡിസംബര്‍ 30നു വൈകീട്ട് നട തുറക്കും.
Next Story

RELATED STORIES

Share it