മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കല്‍ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന്

കൊച്ചി: മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ സംസ്ഥാനസര്‍ക്കാരും കേരള പിന്നാക്ക വിഭാഗ കമ്മീഷനും പാലിച്ചില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് വിജിലന്‍സ് കമ്മീഷന്‍. സംവരണം നല്‍കുന്നത് കാലാകാലങ്ങളില്‍ പുനരാലോചിക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിനാല്‍ മുസ്‌ലിം ന്യൂനപക്ഷത്തിനു വലിയ നഷ്ടമാണുണ്ടായതെന്ന് ചെയര്‍മാന്‍ അഡ്വ. വി കെ ബീരാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മണ്ഡല്‍ കേസിലെ സുപ്രിംകോടതി വിധി ലംഘിക്കുകയും കേരള പിന്നാക്ക വിഭാഗ വികസന കമ്മീഷന്‍ നിയമത്തിലെ 11ാം വകുപ്പ് ലംഘിക്കുകയും ചെയ്ത് സംസ്ഥാനസര്‍ക്കാരും കമ്മീഷനും കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. മേല്‍പ്പറഞ്ഞ ഉത്തരവാദിത്തമുണ്ടായിരിക്കെ തന്നെ കമ്മീഷന്‍ ചെയര്‍മാനെ സോളാര്‍ കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചു. ഇതു സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമെന്ന നിലയില്‍ കോടതിയലക്ഷ്യമാണ്. ന്യൂനപക്ഷ ശാക്തീകരണത്തിന്റെ കടക്കല്‍ കത്തിവയ്ക്കുന്നതാണ് കെഎസ്എസ് തസ്തികയില്‍ 40 ശതമാനം മാത്രം സംവരണം ഏര്‍പ്പെടുത്തുന്ന നടപടി. മാറിവന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ശാക്തീകരണത്തിന് ശരിയായ ദിശയില്‍ ഒന്നും ചെയ്യാത്തതിനാല്‍ നിയമനിര്‍മാണ സഭകളിലുണ്ടായ സംവരണവും ന്യൂനപക്ഷ ശാക്തീകരണത്തിന് കൊണ്ടുവന്ന ഭരണഘടനാ വകുപ്പുകളും പരാജയപ്പെട്ടു.
ക്രൈസ്തവ ന്യൂനപക്ഷമായ ജസ്റ്റിസ് കെ എം ജോസഫിന്റെയും അലഹബാദ് ഹൈക്കോടതി ശുപാര്‍ശ ചെയ്ത മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട രണ്ടു പേരുടെയും സുപ്രിംകോടതിയിലേക്കുള്ള നിയമനം തടഞ്ഞുവച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നും വി കെ ബീരാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it