kozhikode local

മണിയൂരിലെ ചെരണ്ടത്തൂരില്‍ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കി

വടകര: മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച രാവിലെയോടെയാണ് ചെറിയാട്ടു പുറത്ത് കുഞ്ഞിപ്പാത്തു ജപ്പാന്‍ ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്.
മരണ സമയത്ത് ജപ്പാന്‍ ജ്വരമാണെന്ന് സ്ഥിരീകരണമില്ലായിരുന്നു. മെയ് 26 നാണ് ശക്തമായ തലവേദനയും ഛര്‍ദിയും ബോധക്ഷയവും ഉണ്ടായത്. ഇതേ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 24ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും നട്ടെല്ലില്‍ നിന്നും ദ്രവം കുത്തിയെടുത്ത് മണിപ്പാലിലെ വൈറസ് റിസര്‍ച് ഇന്‍സ്റ്റിട്യൂട്ടിലെക്ക് അയച്ച പരിശോധനാ റിപോര്‍ട്ട് ഇന്നലെ ലഭിച്ചതോടെയാണ് ജപ്പാന്‍ ജ്വരമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചത്. ജപ്പാന്‍ ജ്വരം റിപോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
ഇതിന്റെ ഭാഗമായി നാനൂറോളം വീടുകളില്‍ 15 ടീമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. വയല്‍ പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന വെള്ളകെട്ടുകളില്‍ ജപ്പാന്‍ ജ്വരം പടര്‍ത്തുന്ന ക്യൂലക്‌സ് കൊതുകുകളെയും കണ്ടെത്തി. വൈകീട്ടോടെ ഈ പ്രദേശങ്ങളില്‍ ഫോഗിങ്ങും നടത്തി. ചെരണ്ടത്തൂര്‍ ചിറ, വയല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മലേറിയ ഓഫിസര്‍ കെ പ്രകാശ് കുമാര്‍, സോണല്‍ എന്റമോളജിസ്റ്റ് അഞ്ജു വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഠനം നടത്തുകയും, കൊതുക് കൂത്താടികളെ ശേഖരിക്കുകയും ചെയ്തു.
ഇന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വയലുകളിലെയും, വെള്ളകെട്ടുകളിലേയും കൊതുക് നശീകരണവും, ഇത്തരം വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ ജൈവ കീട നാശിനികള്‍ വിതറുകയും, സ്‌പ്രേയിങ്ങ് നടത്തുകയും ചെയ്യും. തിരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എച്ച്എസ് സലീം മണിമ, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ കെ ബാബു എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പഞ്ചായത്ത് ഓഫിസില്‍ അടിയന്തര യോഗം ചേരും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗനവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it