thrissur local

മണിയുടെ മരണാനന്തര കര്‍മങ്ങളും അനുസ്മരണവും

ചാലക്കുടി: അകാലത്തില്‍ പൊലിഞ്ഞ പ്രിയതാരം കലാഭവന്‍ മണിയുടെ മരണാനന്തര കര്‍മങ്ങളും അനുസ്മരണവും ഇന്ന് നടക്കും. രാവിലെ 8.45മുതല്‍ 9.45വരെയാണ് മണിയുടെ ചേനത്തുനാട്ടിലെ വസതിയില്‍ സഞ്ചയന കര്‍മ്മങ്ങള്‍ നടക്കുക.
മണിയുടെ ആരാധകരേയും സുഹൃത്തുക്കളേയും നാട്ടുകാരേയും ഉള്‍കൊള്ളിച്ചാണ് മരണാന്തര ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്. ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും സഞ്ചയനത്തിനായി തയ്യാറാക്കിയ ക്ഷണപത്രിക സുഹൃത്തുക്കളും ബന്ധുക്കളും വിതരണം ചെയ്തിട്ടുണ്ട്. മണിയുടെ വളര്‍ച്ചക്ക് താങ്ങും തണലുമായി നിന്നവരും അഭ്യുതകാംക്ഷികളേയും മണിയുടെ അത്മശാന്തിക്കായി നടത്തുന്ന കര്‍മത്തിലെ ക്ഷണിതാക്കാളാണ്. വെള്ളിയാഴ്ച മണിയുടെ വീട്ടില്‍ പട്ടികജാതി-വര്‍ഗ ക്ഷേമ ചെയര്‍മാന്‍, ഇന്നസെന്റ് എംപി, ബി ഡി ദേവസ്സി എംഎല്‍എ സന്ദര്‍ശിച്ചു. വൈകീട്ട് 7ന് കാര്‍മല്‍ സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് അനുസ്മരണ സമ്മേളനം സമഘടിപ്പിച്ചിട്ടുള്ളത്. ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയും മണിയുടെ സുഹൃത്തുക്കളുമാണ് അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്. ആരാധകര്‍ക്ക് പങ്കെടുക്കാനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതുവഴിയുള്ള വാഹനഗതാഗതവും നിയന്ത്രിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുസ്മരണം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
എസ്പി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സുരക്ഷാക്രമീകരണങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മാള റോഡില്‍ വൈകീട്ട് 5മുതല്‍ രാത്രി 9വരെയാണ് വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാഷ, അഷ്ടമിച്ചിറ, കൊമ്പിടി, വി.ആര്‍.പുരം എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പടി.ചാലക്കുടി എഫ്‌സിഐ ഗോഡൗണ്‍ റോഡില്‍ പ്രവേശിച്ച് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് വഴി കെഎസ്ആര്‍ടിസി റോഡിലൂടെ നഗരത്തിലേക്ക് പ്രവേശിക്കണം. ചാലക്കുടി ടൗണില്‍ നിന്നും മാള,കൊമ്പിടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചാലക്കുടി സൗത്ത് ജങ്ഷനിലെത്തി കെ.എസ്.ആര്‍.ടി.സി, സിഎംഐ, എഫ്‌സിഐ ഗോഡൗണ്‍ വഴി മാള റോഡിലേക്ക് പ്രവേശിക്കുന്നതരത്തിലാണ് ഗദാഗതം ക്രമീകരിച്ചിട്ടുള്ളത്. അനുസ്മരണ ചടങ്ങിനെത്തുന്ന വാഹനങ്ങള്‍ ചാലക്കുടി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, ക്രസന്റ് പബ്ലിക് ഗ്രൗണ്ട്, എസ്എച്ച് കോണ്‍വെന്റ് സ്‌കൂള്‍, റിഫ്രാക്ടറീസ് ഗ്രൗണ്ട്, ഡ്രൈവിങ്ങ് പരിശീലന ഗ്രൗണ്ട്, എന്നിവടങ്ങളില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈറനണിഞ്ഞ മുഖവും കണ്ഠമിടറിയ ശബ്ദവും ആയിട്ടാകും ഞായറാഴ്ച നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ നിഴലിച്ച് നില്‍ക്കുക. മണിയെ സ്‌നേഹിക്കുന്ന ചാലക്കുടിക്കാര്‍ക്കും ആരാധകര്‍ക്കും ചലച്ചിത്ര രംഗത്തെ സഹപ്രവര്‍ത്തകര്‍ക്കും മണിയില്ലാത്ത ഈ ചടങ്ങില്‍ മണിയുടെ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ കണ്ഠമിടറും മിഴികള്‍ നിറയും.
Next Story

RELATED STORIES

Share it