മണിയുടെ മരണം: സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്തു;  അന്വേഷണസംഘം വിപുലീകരിച്ചു

തൃശൂര്‍: ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷിക്കുന്ന പോലിസ് സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജനാണ് അന്വേഷണച്ചുമതല. നിലവില്‍ കേസന്വേഷിക്കുന്ന ഡിവൈഎസ്പി സുദര്‍ശനനെ കൂടാതെ ഡിെൈവഎസ്പി സോജനും സംഘത്തിലുണ്ടാവും.
അതേസമയം, മണിയുടെ ഔട്ട്ഹൗസായ പാഡിയിലേക്ക് കൊണ്ടുവന്ന ചാരായം വാറ്റിയ ആളെ പോലിസ് കസ്റ്റഡിയിലെടുത്തു. വരന്തരപ്പിള്ളി സ്വദേശി ജോയി ആണു പിടിയിലായത്. മണിയുടെ സുഹൃത്ത് ചാലക്കുടി സ്വദേശി ജോമോനാണ് ചാരായം എത്തിച്ചത്. ഇക്കാര്യം ഇപ്പോള്‍ വിദേശത്തുള്ള ജോമോന്‍ സ്ഥിരീകരിച്ചു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലിസ്. വരന്തരപ്പിള്ളിയിലെ ഒരു വീട്ടിലാണ് വാറ്റുചാരായം തയ്യാറാക്കിയത്. ഇതിനു മുമ്പും പലതവണ ഇവിടെ തയ്യാറാക്കിയ ചാരായം മണിയുടെ സുഹൃത്തുക്കള്‍ പാഡിയിലേക്ക് കൊണ്ടുപോയിരുന്നതായി ജോയി പറഞ്ഞു.
ചാരായത്തിന് വീര്യം കൂട്ടാന്‍ പല മരുന്നുകളും ചേര്‍ക്കാറുണ്ട്. എന്നാല്‍, വരന്തരപ്പിള്ളിയില്‍ നിര്‍മിച്ചു കൊണ്ടുവന്ന ചാരായത്തില്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനി കലര്‍ത്തിയിരുന്നില്ലെന്നാണ് ജോയിയുടെ മൊഴി. ചാരായം വാറ്റുകയും കൊണ്ടുവരുകയും ചെയ്ത സംഘത്തില്‍ ആറുപേരുണ്ടെന്നാണ് പോലിസ് പറയുന്നത്. ഇവര്‍ക്കെതിരേ ചാലക്കുടി പോലിസ് കേസെടുത്തു. മണിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ തലേനാള്‍ നടന്ന മദ്യസല്‍ക്കാരത്തിലും ഇവര്‍ പങ്കെടുത്തിരുന്നു.
അതിനിടെ, ഇന്നലെ ഉച്ചയോടെ പാഡിയില്‍ നടത്തിയ പരിശോധനയില്‍ ദ്രാവകമടങ്ങിയ കുപ്പി സെപ്റ്റിക് ടാങ്കില്‍നിന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെടുത്തു. ഇതില്‍ കീടനാശിനിയുണ്ടോയെന്നു കണ്ടെത്താന്‍ പരിശോധനയ്ക്കയച്ചു. ഇതുകൂടാതെ മറ്റു 10 കുപ്പികള്‍ കൂടി കണ്ടെത്തി. പാഡിയുടെ പിറകിലെ പാചകപ്പുരയുെട പരിസരങ്ങളില്‍ പോലിസ് പരിശോധന നടത്തി. കീടനാശിനി എങ്ങനെ ഇവിടെ എത്തിയെന്നതു സംബന്ധിച്ച അന്വേഷണമാണ് പുരോഗമിക്കുന്നത്.
മണി ചാരായം കുടിച്ചിട്ടില്ലെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍, മണി ബിയര്‍ കഴിച്ചിരുന്നതായും മൊഴിയുണ്ട്. മൊഴികളിലെ വൈരുധ്യം പോലിസിനെ കുഴക്കുന്നുണ്ട്. ടെലിവിഷന്‍ അവതാരകന്‍ സാബു, സിനിമാതാരം ജാഫര്‍ ഇടുക്കി എന്നിവരെ ഇന്നലെയും വിളിച്ചുവരുത്തി ചോദ്യംചെയ്തു. പോലിസ് കസ്റ്റഡിയിലുള്ള മണിയുടെ സഹായികളായ നാലുപേരെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി ചോദ്യംചെയ്തുവരുകയാണ്.
Next Story

RELATED STORIES

Share it