മണിയുടെ മരണം: അന്വേഷണസംഘം ഇരുട്ടില്‍ തപ്പുന്നു

തൃശൂര്‍/ചാലക്കുടി: ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ദുരൂഹതകള്‍ നീക്കാന്‍ അന്വേഷണസംഘത്തിന് ഇനിയും സാധിച്ചിട്ടില്ല. മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ കൃത്യമായ ഉത്തരത്തിലെത്താനാവാത്തതാണ് പോലിസിനെ കുഴയ്ക്കുന്നത്.
മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം എങ്ങനെ ഉണ്ടായി എന്നതില്‍ ഉത്തരം കണ്ടെത്തിയാല്‍ മാത്രമേ മരണം സംബന്ധിച്ചു വ്യക്തതയുണ്ടാവൂ. ഇതിനായി മണിയുടെ രക്ത-മൂത്ര സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ഡല്‍ഹിയിലേക്കയച്ചു. മണിയുടെ കരളില്‍ മാത്രമാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടത്. പാകംചെയ്യാതെ കഴിച്ച പച്ചക്കറികളില്‍ നിന്നാവാം കീടനാശിനി ശരീരത്തിലെത്തിയതെന്നാണു നിഗമനം. കീടനാശിനി കുടിക്കുകയോ കുടിപ്പിക്കുകയോ ചെയ്താല്‍ കീടനാശിനിയുടെ സാന്നിധ്യം ശരീരത്തിന്റെ പലഭാഗത്തും കാണേണ്ടതായിരുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ ആശങ്ക പരിഹരിക്കാനായാണ് സാമ്പിളും മറ്റും വീണ്ടും പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധി പേരെ ഇന്നലെയും അന്വേഷണ സംഘം ചോദ്യംചെയ്തു. കസ്റ്റഡിയിലുള്ള മണിയുടെ സന്തതസഹചാരികളായ മൂന്നുപേരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, മരണം കൊലപാതകമല്ലെന്ന നിഗമനത്തിനാണ് അന്വേഷണസംഘം കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
മണിയുടെ സഹായികളെയും മണിക്കൊപ്പം അവസാനമണിക്കൂര്‍ പാടിയിലുണ്ടായിരുന്നവരെയും പോലിസ് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും സംശയിക്കത്തക്ക ഒന്നും മൊഴികളിലില്ലെന്നാണു പറയുന്നത്. ഇവരുടെ മൊഴികളിലുണ്ടായ വൈരുധ്യം സ്വാഭാവികമായുണ്ടായ പിഴവുകളാണെന്നാണ് അന്വേഷണസംഘം പറയുന്നത്. എങ്കിലും മരണം സംബന്ധിച്ച് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാ പഴുതുകളുമടച്ച് മരണത്തിലേക്കു നയിച്ച എല്ലാ സാധ്യതകളും അന്വേഷിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Next Story

RELATED STORIES

Share it