മണിയുടെ ജീവിതസന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഓട്ടോയുമായി നിയമവിദ്യാര്‍ഥി

കൊച്ചി: കലാഭവന്‍ മണിയുടെ ജീവിതം നല്‍കിയ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യവുമായി നിയമവിദ്യാര്‍ഥി ഓട്ടോയുമായി ഇറങ്ങുന്നു. എറണാകുളം ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അജേഷ് കോടനാട് ആണ് കാക്കിയണിഞ്ഞ് ഓട്ടോയുമായി സ്റ്റാന്‍ഡിലിറങ്ങുന്നത്. പഠനത്തിന്റെ ഇടവേളകളിലും അവധി ദിനത്തിലും വൈകുന്നേരങ്ങളിലും കൊച്ചി നഗരത്തില്‍ അജേഷിന്റെ 'മണിച്ചേട്ടന്‍' എന്ന ഓട്ടോ യാത്രക്കാരെ തേടി ഇറങ്ങും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അജേഷിന് ലോ കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഒരുമയാണ് ഓട്ടോറിക്ഷ വാങ്ങി നല്‍കിയിരിക്കുന്നത്. പ്രതിസന്ധികളിലൂടെ കടന്നുപോവുന്നവര്‍ക്കു പ്രചോദനമാണ് കലാഭവന്‍ മണിയുടെ ജീവിതമെന്ന് അജേഷ് പറഞ്ഞു. കിട്ടുന്ന തുകയുടെ 40 ശതമാനം വിവരാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുതാല്‍പര്യ ഹരജികള്‍ക്കുമായി വിനിയോഗിക്കും. എല്‍എല്‍എം പൂര്‍ത്തിയാക്കിയശേഷം ഓട്ടോ മറ്റൊരു വിദ്യാര്‍ഥിക്കു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. പെര്‍മിറ്റും സ്റ്റാന്‍ഡും ലഭ്യമാവുന്നതോടെ അജേഷിന്റെ മണിച്ചേട്ടന്‍ നിരത്തില്‍ നാടന്‍പാട്ടുമായി ഓടിത്തുടങ്ങും. കലാഭവന്‍ മണിയോടുള്ള ആദര സൂചകമായിട്ടാണ് ഓട്ടോറിക്ഷ വാങ്ങി നല്‍കിയതെന്ന് ഒരുമ ഭാരവാഹി ജിതിന്‍ കടവത്തൂര്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ പണത്തിനുവേണ്ടി കഞ്ചാവ്, മദ്യം, ക്വട്ടേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേക്കു മാറുന്ന സാഹചര്യമാണുള്ളത്. ഇതിനു മാറ്റം വരുത്തുന്നതിനുള്ള മാതൃക കാണിച്ചുകൊടുക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ലോ കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അധ്യാപകന്‍ പ്രഫ. ഗിരിശങ്കര്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it