മണിയുടെ അനുസ്മരണം: പോലും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിച്ചു: മാക്ട

കൊച്ചി: ചാലക്കുടിയില്‍ നടന്ന കലാഭവന്‍ മണിയുടെ അനുസ്മരണ ചടങ്ങു പോലും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിച്ച മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലും ചലച്ചിത്രതാരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനകളായ അമ്മയും ഫെഫ്കയും പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് മാക്ട ഫെഡറേഷന്‍ പ്രസിഡന്റും സംവിധായകനുമായ ബൈജു കൊട്ടാരക്കരയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അജ്മല്‍ ശ്രീകണ്ഠാപുരവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലയാള സിനിമയില്‍ ഉള്ള അത്രയും അസഹിഷ്ണുതയും ഫാഷിസവും മറ്റെങ്ങും കാണാന്‍ കഴിയില്ല. കലാഭവന്‍ മണിയുടെ അഭിനയ ജീവിതത്തിന് നാഴികക്കല്ലായി മാറിയ ഒട്ടേറെ കഥാപാത്രങ്ങള്‍ അ്‌ദ്ദേഹത്തിന് സമ്മാനിച്ചത് സംവിധായകന്‍ വിനയനായിരുന്നു. അദ്ദേഹത്തെ മണിയുടെ അനുസ്മരണച്ചടങ്ങിലേക്ക് വിളിച്ചില്ല. എന്നാല്‍ മണിയെ വച്ച് ഒരു ചിത്രം പോലും ഒരുക്കാത്ത മേജര്‍ രവിയെ ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നു. നടന്‍ മോഹന്‍ലാലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിനയനെ ഒഴിവാക്കിയതെന്ന് അജ്മല്‍ ശ്രീകണ്ഠാപുരം ആരോപിച്ചു. വിനയന്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ താന്‍ ഉണ്ടാവില്ലെന്ന് ഈ സൂപ്പര്‍ താരം പറഞ്ഞതായും അജ്മല്‍ പറഞ്ഞു.
മണിയുടെ അനുസ്മരണ ചടങ്ങില്‍ നിന്ന് വിനയനെ മാറ്റിനിര്‍ത്താന്‍ സൂപ്പര്‍ താരത്തിനൊപ്പം സംഘടനകളായ അമ്മയും ഫെഫ്കയും ഗൂഢാലോചന നടത്തിയെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കുവാനായി ഇടപെടല്‍ നടത്തിയ ഇവര്‍ മാപ്പുപറയണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയ സംവിധായകന്‍ മേജര്‍ രവി കലാകാരന്മാര്‍ക്ക് തന്നെ അപമാനമായിരിക്കുകയാണ്. ഒരു പട്ടാളക്കാരന് ചേര്‍ന്ന പ്രവൃത്തിയോ കലാകരന്‍ പാലിക്കേണ്ട മാന്യതയോ അല്ല മേജര്‍ രവിയില്‍ നിന്നുണ്ടായത്. മാധ്യമ ലോകത്തോട് മേജര്‍ രവി മാപ്പു പറയണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it