Editorial

മണിപ്പൂരും ഗോവയും ഇപ്പോള്‍ മേഘാലയയും

തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരസ്‌കരിച്ചാലും മന്ത്രിസഭയുണ്ടാക്കി ഭരിക്കുന്ന പുതിയൊരു സംവിധാനമാണ് തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് കേന്ദ്ര ഭരണകക്ഷിയായ ബിജെപി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളെയും ജനവിധിയെയും തൃണവല്‍ഗണിച്ചുകൊണ്ടുള്ള ഏകപക്ഷീയ നീക്കങ്ങളാണ് അധികാരം പിടിച്ചെടുക്കാനായി കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ അവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. ഇപ്പോള്‍ മേഘാലയയില്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനപിന്തുണ തെളിയിച്ച കോണ്‍ഗ്രസ്സിനെ ഒഴിവാക്കി വെറും രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി അവിടെ അധികാരം പിടിച്ചെടുക്കാന്‍ ഇതേ തന്ത്രങ്ങള്‍ തന്നെ പ്രയോഗിക്കുകയാണ്. മേഘാലയയിലെ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 21 അംഗങ്ങളുടെ പിന്തുണയുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു സീറ്റുകള്‍ നേടിയ അഞ്ചു പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്തി സംസ്ഥാന ഭരണം പിടിച്ചെടുക്കാനാണ് ബിജെപി കരുനീക്കം നടത്തിയത്. ഈ സാമ്പാര്‍ മുന്നണി മന്ത്രിസഭയെ അധികാരത്തില്‍ വാഴിക്കാന്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ഗംഗാപ്രസാദ്.
ഭൂരിപക്ഷം ലഭിക്കാത്തിടങ്ങളില്‍ കേന്ദ്രത്തിലെ അധികാരം പ്രയോഗിച്ചും ഗവര്‍ണര്‍മാരുടെ മേല്‍ സമ്മര്‍ദം ചെലുത്തിയും പണത്തിന്റെ കുത്തൊഴുക്ക് ഉപയോഗപ്പെടുത്തിയും ജനവിധി അട്ടിമറിക്കുന്ന പരിപാടി നേരത്തേ മണിപ്പൂരിലും ഗോവയിലും ബിജെപി വിജയകരമായി നടപ്പാക്കിയതാണ്. ഈ തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇപ്പോള്‍ 22 സംസ്ഥാനങ്ങളില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ത്രിസഭകള്‍ സ്ഥാപിക്കുന്നതില്‍ അവര്‍ വിജയം വരിച്ചുകഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ബിജെപിക്ക് ഭൂരിപക്ഷ പിന്തുണയില്ലാത്ത രാജ്യസഭയിലും തങ്ങളുടെ കക്ഷിനില ഭദ്രമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം കുതിരക്കച്ചവടങ്ങള്‍. അത് അഭംഗുരം തുടരാന്‍ തന്നെയാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്.
ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന ഈ നീക്കങ്ങള്‍ വളരെ ആപല്‍ക്കരമാണ്. ബിജെപിയും അതിനെ നിയന്ത്രിക്കുന്ന ആര്‍എസ്എസും ഇന്ത്യന്‍ ഭരണഘടനയെ തന്നെ അട്ടിമറിക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മതേതര, ജനാധിപത്യ പാരമ്പര്യങ്ങള്‍ അട്ടിമറിച്ച് ഒരു ഹിന്ദുരാഷ്ട്ര സ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് തുടക്കം മുതലേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആ ലക്ഷ്യം കൈവരിക്കുന്നതിന് ഏതറ്റം വരെ പോവാനും അവര്‍ തയ്യാറുമാണ്.
ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും ഇങ്ങനെ ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി ഭരണനേതൃത്വം തയ്യാറാവുകയുണ്ടായി. രാജ്യത്തെ ഉന്നത നീതിപീഠമാണ് ആ സന്ദര്‍ഭത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയത്. പക്ഷേ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം നിയന്ത്രിക്കുകയും രാജ്യത്ത് ശക്തമായ പ്രതിപക്ഷം തന്നെയില്ല എന്ന അവസ്ഥ വരുകയും ചെയ്യുന്നത് ഭയാനകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിക്കു നിര്‍ത്താന്‍ ഭരണകൂടത്തിനു മടിയൊന്നുമുണ്ടാവില്ല. ഈ സാഹചര്യങ്ങളില്‍ രാജ്യത്തെ ജനാധിപത്യ സംരക്ഷണത്തിനുള്ള വിശാലമായ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
Next Story

RELATED STORIES

Share it