മണിപ്പാല്‍ കൂട്ടബലാല്‍സംഗ കേസില്‍ 15ന് വിധി

സ്വന്തം പ്രതിനിധികാസര്‍കോട്: തിരുവനന്തപുരം സ്വദേശിനിയായ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ.് വിദ്യാര്‍ഥിനിയെ റിക്ഷയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി 15ന് വിധിപറയും. 2013 ജൂണ്‍ 20ന് രാത്രി 11.30ഓടെയാണ് സംഭവം. സര്‍വകലാശാല ലൈബ്രറിയില്‍നിന്ന് ഹോസ്റ്റലിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ഒണ്ടിബെട്ടു എന്ന ഗ്രാമത്തിലെ ആളൊഴിഞ്ഞ പറമ്പില്‍വച്ച് കൂട്ടബലാല്‍സംഗം ചെയ്തുെവന്നാണ് കേസ്.

മണിപ്പാല്‍ സി.ഐ. സദാനന്ദ തിപ്പണ്ണാവറുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. ഓട്ടോ ഡ്രൈവര്‍ യോഗീഷിനെ കസ്റ്റഡിയിലെടുത്തതോടെയാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഹരിപ്രസാദ്, യോഗേഷ് പൂജാരി, ആനന്ദ് തുടങ്ങിയവരാണ് പ്രതികള്‍. ഇതില്‍ യോഗേഷ് പൂജാരി അറസ്റ്റ് ഭയന്ന് വിഷം കഴിച്ചശേഷം പശ്ചിമമേഖലാ ഐ.ജി. പ്രതാപ് റെഡ്ഡിയെ ഫോണില്‍ വിളിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നു. ഉത്തര, ദക്ഷിണ കനറ, ചിക്മംഗളൂര്‍, ഉഡുപ്പി ജില്ലകളിലെയും മംഗളൂരുവിലെയും ഇരുനൂറോളം പോലിസ് ഉദ്യോഗസ്ഥരടങ്ങിയ ടീമാണ് കേസ് അന്വേഷിച്ചത്.

2013 ആഗസ്ത് 23ന് 600 പേജ് വരുന്ന കുറ്റപത്രം മണിപ്പാല്‍ പോലിസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. 108 പേര്‍ സാക്ഷികളായിരുന്നു. 2014 ജനുവരി ആറിനാണ് കേസ് വിചാരണ തുടങ്ങിയത്. കുറ്റപത്രത്തില്‍ പേര് പരാമര്‍ശിച്ച 15 പേരെയും വിചാരണയ്ക്ക് ഹാജരാക്കണമെന്ന ആവശ്യവുമായി മുഖ്യപ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് വിചാരണ നീണ്ടുപോയത്. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗക്കേസില്‍ 2013 സപ്തംബറില്‍ വന്ന വിധിക്ക് ശേഷം ലൈംഗിക കുറ്റകൃത്യത്തില്‍ രാജ്യം ഉറ്റുനോക്കുന്ന വിധിയാണ് മണിപ്പാല്‍ കൂട്ടബാലാല്‍സംഗക്കേസില്‍ 15ന് പുറത്തുവരുന്നത്.
Next Story

RELATED STORIES

Share it