മണിച്ചിരി മാഞ്ഞു

ലിജോ കാഞ്ഞിരത്തിങ്കല്‍

ചാലക്കുടി: മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണി വേഷങ്ങളില്ലാത്ത ലോകത്തേക്കു യാത്രയായി. ഇന്നലെ രാവിലെമുതല്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആരാധകരുടെ പ്രാര്‍ഥനയും ആദരാഞ്ജലിയും ഏറ്റുവാങ്ങിയാണ് ഇഷ്ടതാരം മറഞ്ഞത്. ചേനത്തുനാട്ടിലെ മണിയുടെ വസതിയായ മണികൂടാരത്തില്‍ ഓദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സഹോദരപുത്രന്‍ ചിതയ്ക്കു തീകൊളുത്തി.
തൃശൂരില്‍ നിന്ന് ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണു മണിയുടെ ഭൗതിക മൃതദേഹം നഗരസഭയിലെത്തിച്ചത്. നഗരസഭാ അങ്കണത്തില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ആരാധകരുടെ തിരക്കായിരുന്നു. മണിയെ അവസാനമായി ഒരുനോക്കു കാണാന്‍ ദൂരദിക്കുകളില്‍ നിന്നുപോലും ആബാലവൃദ്ധം ജനങ്ങള്‍ ഒഴുകിയെത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ആരാധകരുമെത്തിയിരുന്നു. മൂന്നരയ്ക്ക് മൃതദേഹം വീട്ടിലേക്കു മാറ്റുമ്പോഴും ചാലക്കുടിക്കാരന്‍ ചങ്ങാതിയെ കാണാനാവാതെ പതിനായിരങ്ങള്‍ വിഷമിക്കുകയായിരുന്നു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമൂലം പലരും ആഹാരവും വെള്ളവും കിട്ടാതെ വലഞ്ഞു. പോലിസും സ്വകാര്യ സെക്യൂരിറ്റി വിഭാഗവും ജനപ്രതിനിധികളും നന്നേ പണിപെട്ടാണ് ആരാധകരെ നിയന്ത്രിച്ചത്.
മൃതദേഹം മുനിസിപ്പല്‍ അങ്കണത്തില്‍ നിന്നു മണിയുടെ വീട്ടിലേക്കു മാറ്റുമ്പോഴും ആരാധകരുടെ നിലവിളികള്‍ ഉയര്‍ന്നു. പലരും വിങ്ങിപ്പൊട്ടി. തിരക്ക് ഒഴിവാക്കാനായി മണിയുടെ വീടെത്തുംമുമ്പ് പോലിസ് ആരാധകരെ തടഞ്ഞു. ഭാര്യ നിമ്മിയെയും മകള്‍ ലക്ഷ്മിയെയും ആശ്വസിപ്പിക്കാനാവാതെ നാട്ടുകാരും ബന്ധുക്കളും ബുദ്ധിമുട്ടി.
സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കെ ബാബു പങ്കെടുത്തു. എംഎല്‍എമാരായ ജോസ് തെറ്റയില്‍, ബി ഡി ദേവസ്സി, കെ വി അബ്ദുല്‍ ഖാദര്‍, വി എസ് സുനില്‍ കുമാര്‍, ഇന്നസെന്റ് എംപി, മുന്‍ എംപിമാരായ പി സി ചാക്കോ, കെ പി ധനപാലന്‍, പി ടി തോമസ്, സര്‍ക്കാര്‍ ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്‍, നിര്‍മാതാവും സംവിധായകനുമായ മാണി സി കാപ്പന്‍, സംവിധായകന്‍ സുന്ദര്‍ദാസ്, നടന്‍മാരായ ബാബു നമ്പൂതിരി, നാദിര്‍ഷ, ജനാര്‍ദനന്‍, കുഞ്ചന്‍, ജോണി, ക്യാപ്റ്റന്‍ രാജു, ഹരിശ്രീ അശോകന്‍, ടിനി ടോം, സിദ്ദീഖ്, മാമുക്കോയ, ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരും അന്ത്യോപചാരമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it