thrissur local

മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഡോക്ടറെ കാണാനായില്ല; ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ബഹളം

ചാവക്കാട്: ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ബഹളം. ആവശ്യമായ ഡോക്ടര്‍മാരും നേഴ്‌സുമാരുമില്ലാത്തതാണ് രോഗികള്‍ക്ക് ദുരിതമായത്. ഇന്നലെ രാവിലെ ഒന്‍പതോടെ ആശുപത്രിയിലെത്തിയ രോഗികള്‍ മണിക്കൂറുകളോളം കാത്തുനിന്ന ശേഷം മറ്റു സ്വകാര്യആശുപത്രികളിലേക്ക് പോയി.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പനിയും ചുമയും ബാധിച്ച് ആശുപത്രിയിലെത്തിയത്. ഇന്നലെ ഉച്ചയോടെ പരിശേധനക്കിരുന്നിരുന്ന രണ്ടു ഡോക്ടര്‍മാര്‍ സീറ്റില്‍ നിന്നു എഴുന്നേറ്റ് റൗണ്ട്‌സിനു പോയതാണ് രോഗികളെ ദുരിതത്തിലാക്കിയത്. ഇന്നലെ മാത്രം 600ഓളം പേര്‍ ചികില്‍സ തേടി എത്തിയിരുന്നു. ഒപി ടിക്കറ്റ് ലഭിക്കാനും കൂടുതല്‍ സമയം വേണ്ടി വന്നതോടെ പ്രതിഷേധവുമായി രോഗികള്‍ രംഗത്തെത്തി. 17 ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഇന്നലെ 15 ഡോക്ടര്‍മാര്‍ ഉണ്ടായപ്പോഴാണ് ചികില്‍സ തേടി എത്തിയവര്‍ക്ക് ഈ ദുര്‍ഗതി ഉണ്ടായത്.
പത്ത് പേരില്‍ നാലുപേര്‍ ഓപറേഷന്‍ തിയ്യറ്ററിലും ബാക്കിയുള്ളവര്‍ മെഡിക്കല്‍ ക്യാംപ്, കോണ്‍ഫ്രന്‍സ് എന്നിവക്കും പോയിരിക്കുകയായിരുന്നു. കിടത്തി ചികില്‍സയിലുള്ള 80ഓളം രോഗികളെ നോക്കുന്നതിന് സമയം കണ്ടെത്തുന്നത് ഒപി പരിശേധനക്കിടേയാണ്. ഈ സമയത്ത് ഒപി പരിശോധന നടക്കാറില്ലെന്ന് രോഗികള്‍ പറയുന്നു. താലൂക്ക് ആശുപത്രിയിലേക്കു നിയമിക്കപ്പെടുമ്പോള്‍ തന്നെ പല ഡോക്ടര്‍മാരും അവധിയെടുത്ത് തിരികെ പോകുകയാണ്. കുറച്ചു കാലം നില്‍ക്കുന്നവരെ വര്‍ക്കിങ് അറേഞ്ച്‌മെന്റിന്റെ പേരില്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ തന്നെ മറ്റു സ്ഥലങ്ങളിലേക്കു സ്ഥലം മാറ്റുകയാണ്.
ഡോക്ടര്‍മാര്‍ ഇല്ലാത്തതുമൂലം അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്നവര്‍ക്കു പോലും കിടത്തിചികില്‍സാ സൗകര്യം ഒരുക്കാനാകുന്നില്ല. താലൂക്ക് ആശുപത്രിക്കു പുറമെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്.
തീരദേശ മേഖലയിലെ നിര്‍ധന കുടുംബങ്ങളുടെ ഏക ആശ്രയമായ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് അടിയന്തരമായി പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ പരിഹരിക്കണമെന്നും ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യം ശക്തമായിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
Next Story

RELATED STORIES

Share it