'മണികര്‍ണിക'യ്‌ക്കെതിരേ സര്‍വ ബ്രാഹ്മണ മഹാസഭ രംഗത്ത്

ജയ്പൂര്‍: ചരിത്രകഥാപാത്രങ്ങളെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമകളെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഒടുങ്ങുന്നില്ല. 'പത്മാവത്' സിനിമാ വിവാദം ഒട്ടൊന്ന് അടങ്ങിയതിനു പിന്നാലെ ഝാന്‍സി റാണിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രമാണ് വിവാദമായിരിക്കുന്നത്. 'മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ഝാന്‍സി' എന്നു പേരിട്ട ചിത്രത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത് സര്‍വ ബ്രാഹ്മണ മഹാസഭയാണ്. കങ്കണ റാണാവത് ആണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാരിനോട് ബ്രാഹ്മണ മഹാസഭ ആവശ്യപ്പെട്ടിരിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രിട്ടിഷ് ഏജന്റിനൊപ്പം റാണി ലക്ഷ്മീഭായി പ്രണയഗാനം ആലപിക്കുന്ന രംഗം സിനിമയിലുണ്ട് എന്നാണ് ആരോപണം. ചരിത്രം വളച്ചൊടിക്കുന്നത് സര്‍ക്കാര്‍ തടയുന്നില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് മഹാസഭയുടെ സംസ്ഥാന അധ്യക്ഷന്‍ സുരേഷ് മിശ്ര പറഞ്ഞു. എന്നാല്‍, ബ്രാഹ്മണസഭയുടെ ആരോപണം ചിത്രത്തിന്റെ നിര്‍മാതാവ് കമല്‍ ജെയിന്‍ നിഷേധിച്ചു. തങ്ങള്‍ ഗവര്‍ണറെയും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മൂന്നുദിവസത്തിനകം പ്രക്ഷോഭം ശക്തമാക്കുമെന്നും മിശ്ര അറിയിച്ചു. സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവത്' എന്ന സിനിമയുടെ വഴിയിലൂടെയായിരിക്കും 'മണികര്‍ണിക'യുടെയും യാത്ര എന്നാണു സൂചന. ചിത്രത്തില്‍ പ്രണയരംഗമൊന്നുമില്ലെന്നാണ് ജെയിന്‍ പറയുന്നത്. റാണി ലക്ഷ്മീഭായിയെ അവഹേളിക്കുന്ന യാതൊന്നും ചിത്രത്തിലില്ലെന്നും ആരുമായും ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ മല്‍സിസര്‍ പട്ടണത്തിലാണ് 'മണികര്‍ണിക'യുടെ ചിത്രീകരണം നടക്കുന്നത്. കര്‍ണിസേനയുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം 25നാണ് 'പത്മാവത്' തിയേറ്ററുകളിലെത്തിയത്. റാണി പത്മിനിയെ അവഹേളിക്കുന്നതാണ് 'പത്മാവത്' എന്നായിരുന്നു ആരോപണം.
Next Story

RELATED STORIES

Share it