kasaragod local

മണല്‍ മാഫിയ പിടിമുറുക്കുന്നു; ആദൂര്‍ എസ്‌ഐയെയും സ്ഥലംമാറ്റി

കാസര്‍കോട്: ജില്ലയില്‍ മണല്‍ മാഫിയ പിടിമുറുക്കുന്നു. ഇതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥരുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും സ്ഥലം മാറ്റം തുടരുന്നു. കഴിഞ്ഞയാഴ്ച ചില എസ്‌ഐമാരെ സ്ഥലം മാറ്റിയതിന് പിറകെ ആദൂര്‍ എസ്‌ഐ പി രാജേഷിനെയാണ് കഴിഞ്ഞ ദിവസം മാറ്റിയത്.
ഏറ്റവും കൂടുതല്‍ മണല്‍ കള്ളക്കടത്ത് നടക്കുന്ന കുമ്പള, ആദൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പോലിസ് വന്‍മണല്‍ വേട്ട തന്നെ നടത്തിയിരുന്നു. അനധികൃത മണല്‍ കടത്ത് തടയുന്നതിന് ശക്തമായ നടപടി സ്വീകരിച്ച ആദൂര്‍ എസ്‌ഐ പി രാജേഷിനെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്.
നാല് മാസങ്ങള്‍ക്ക് മുമ്പാണ് പി രാജേഷിനെ ആദൂര്‍ എസ്‌ഐയായി നിയമിച്ചത്. ഇതിന് ശേഷം ലോറികള്‍ ഉള്‍പ്പെടെ 25 ഓളം മണല്‍ വണ്ടികള്‍ പിടികൂടുകയും അത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സന്നദ്ധ സംഘടനകളും കുടുംബശ്രീയും നാട്ടുകാരും എസ്‌ഐയെ സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ടിട്ടും സ്ഥലം മാറ്റുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി പോലിസ് മണല്‍ മാഫിയക്കെതിരെ സ്വീകരിച്ച നടപടിയാണ് എസ്‌ഐയെ മാറ്റാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ മണല്‍ കടത്ത് തടയുന്നതിന് ശക്തമായ നടപടി കൈക്കൊണ്ട കുമ്പള എസ്‌ഐ അനൂപ് കുമാറിനെയും സ്ഥലം മാറ്റിയിരുന്നു. ജില്ലയിലെ കടവുകളില്‍ നിന്ന് മണല്‍ വാരിയെടുത്ത് കരിചന്തയില്‍ വില്‍ക്കുന്ന സംഘത്തിനുള്ള രാഷ്ട്രീയ സ്വാധീനമാണ് എസ്‌ഐമാരെ മാറ്റുന്നതിന് കാരണമായത്.
ജില്ലയിലെ ഇ-മണല്‍ ബുക്കിങ് പോലും തകിടം മറിച്ച് കെട്ടിട നിര്‍മാണ പ്രതിസന്ധിയിലാക്കി മണല്‍ കള്ളകടത്ത് നിര്‍ബാധം നടത്തുന്ന സംഘം പോലിസ് ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ പോലും മുതിര്‍ന്നിട്ടുണ്ട്. രാത്രിയും പുലര്‍ച്ചയും ജില്ലയില്‍ നിന്ന് ലോഡ് കണക്കിന് മണലുകളാണ് കൊണ്ടുപോകുന്നത്. ജില്ലയിലെ അംഗീകൃത കടവുകള്‍ കേന്ദ്രീകരിച്ച് പോലും മണല്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ മണല്‍ പാസ് ഉപയോഗിച്ച് നിര്‍ബാധം മണല്‍ കടത്തുകയാണ് സംഘം.
ആദൂര്‍ എസ്‌ഐ പി രാജേഷിന് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്. എഡിജിപിയുടെ ഓഫിസില്‍നിന്നും നേരിട്ടാണ് സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായത്. വൈകിട്ടോടെതന്നെ ആദൂരില്‍നിന്നും ചുമതല ഒഴിവാകാനായിരുന്നു നിര്‍ദേശം.
നേരത്തെ ആദൂര്‍ എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പേരെ രണ്ടാഴ്ചക്ക് മുമ്പ് തന്നെ ജില്ലാ പോലിസ് ചീഫ് സ്ഥലംമാറ്റിയിരുന്നു. ഈസ്ഥലംമാറ്റ ലിസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ലിസ്റ്റ് മരവിപ്പിച്ചിരുന്നു. ആദൂര്‍ എസ്‌ഐയെ സ്ഥലം മാറ്റരുതെന്നുകാണിച്ച് നാട്ടുകാര്‍ ഒപ്പിട്ടനിവേദനവും ജില്ലാ പോലിസ് ചീഫിന് ലഭിച്ചിരുന്നു.
ഭരണതലത്തിലെ സമ്മര്‍ദ്ദമാണ് വീണ്ടും ആദൂര്‍ എസ്‌ഐയെ സ്ഥലംമാറ്റാന്‍ കാരണമായത്. ഭരണകക്ഷിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനാണ് എസ്‌ഐമാരെ സ്ഥലം മാറ്റിയത്.
ആദൂര്‍ എസ്‌ഐ രാജേഷിനൊപ്പം കാസര്‍കോട് ട്രാഫിക്ക് എസ്‌ഐ ചന്ദ്രനേയും സ്ഥലംമാറ്റിയിട്ടുണ്ട്. ചന്ദ്രനും കണ്ണൂര്‍ ജില്ലയിലേക്കാണ് സ്ഥലംമാറ്റം. അതേസമയം കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരില്‍നിന്നും എസ്‌ഐ രാജഗോപാലനേയും ആലക്കോട്‌നിന്നും എസ്‌ഐ അശോകനേയും കാസര്‍കോട് ജില്ലയില്‍ നിയമിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it