malappuram local

മണല്‍ഖനനം ചാലിയാറിനെ കൊലപ്പെടുത്തി

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: വിഭവങ്ങളുടെ കലവറയൊളിപ്പിച്ച് കുതിച്ചൊഴുകിയ സുവര്‍ണകാലമുണ്ടായിരുന്നു ചാലിയാറിന്. ആ ചാലിയാറിന്റെ മാറ് പിളര്‍ത്തി തുടങ്ങിയ മണല്‍ഖനനമാണ് ചാലിയാറിന്റെ നാശത്തിന് കാരണമാക്കിയത്. കാലിക്കറ്റ് എയര്‍പോര്‍ട്ട് റണ്‍വേ ഏരിയ നിരപ്പാക്കാന്‍ ചാലിയാറില്‍ നിന്നായിരുന്നു മണല്‍ എടുത്തിരുന്നത്. അന്ന് മണല്‍പരപ്പിലേക്ക് ലോറി,ഇറങ്ങാന്‍ ഒരു ഭാഗത്ത് താഴ്ത്തി ലോറിയിലേക്ക് നേരിട്ട് കോരിയിടുന്ന രീതിയായിരുന്നു.
ഒരു ലോഡിന് പത്ത് രൂപ നികുതിയടക്കണം. അന്‍പത് ലോഡ് പോകുമ്പോള്‍ അഞ്ച് ലോഡി ന്റെ ടാക്‌സ് ഉദ്യോഗസ്ഥരെ ഏല്‍പിച്ച് അടക്കുന്ന രീതി. പ്രതിദിനം 200 ലേറെ ലോഡുകള്‍ കൊണ്ടോട്ടിയിലേക്ക് കുതിച്ചിരുന്നു. അന്ന് മുതല്‍ ആരംഭിച്ചവ്യാപകമായ മണല്‍ഖനനം ചാലിയാറിനെ ആഴമുള്ളതാക്കി. ജില്ലയില്‍ മണല്‍ വാരാന്‍ അനുവാദമുള്ള 35 ലതികം കടവുകളില്‍ ഇരുപ്പത്തഞ്ചിലേറെ ചാലിയാറിലായിരുന്നു. ഔദ്യോഗിക കടവുകള്‍ക്ക് പുറമെ അനൗദ്യോഗിക കടവുകള്‍ ഇരട്ടിയും.ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികുതി വെട്ടിച്ച് മറ്റു ജില്ലകളിലേക്ക് മണല്‍ കടത്തുന്ന മണല്‍ മാഫിയ സംഘങ്ങള്‍ ചാലിയാറില്‍ രൂപപ്പെട്ടു.
ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി എത്തിച്ച് മണല്‍ കടത്തുന്ന സംഘം ചാലിയാറിലെ മണല്‍ ഊറ്റിയെടുത്തു. 2012 ല്‍ ഹരിയാനയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ദീപക് കുമാര്‍ ദേശീയ ഹരിത ട്രീബൂണലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍ജിറ്റി വിധി മണല്‍ ഖനനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2014ല്‍ കേരളത്തില്‍ മണല്‍ഖനനം കൊണ്ടുവന്നെങ്കിലും ഇന്നും ചാലിയാറില്‍ മണല്‍ഖനനം രഹസ്യമായി നടക്കുന്നത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ്.
മണല്‍ നിരോധനം സര്‍ക്കാറിന് വന്‍ നഷ്ടമാണു വരുത്തിയത്.കാരണം നികുതിയടക്കാതെയാണു മണല്‍ ലോഡുകള്‍ ഇപ്പോഴും കടത്തുന്നത്. അമിതമായ മണലെടുപ്പ് പുഴയുടെ ആഴം വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് തന്നെ ആഴകൂടുതലുള്ള പുഴയായി ചാലിയാര്‍ മാറുകയായിരുന്നു. മൂന്ന് തട്ടുകളായി ഒഴുകുന്ന ചാലിയാറില്‍ 12 മീറ്റര്‍ ആഴമുള്ള ഭാഗം വരെ രൂപപ്പെട്ടു മഴക്കാലങ്ങളിലെ ശക്തമായ ഒഴുക്കില്‍ മണല്‍ കുഴികള്‍ മരണ കുഴിയായി രൂപാന്തരപ്പെടുകയായിരുന്നു. മണല്‍ തൊഴിലാളികളടക്കം പതിനാലിലേറെ പേരാണു ചാലിയാറില്‍ മരണപ്പെട്ടത്.  2009ല്‍ അരീക്കോട് മൂര്‍ക്കനാട് കടവില്‍ തോണി മറിഞ് എട്ട് വിദ്യാര്‍ഥികള്‍ മരണപ്പെട്ടത് നാടിനെ നടുക്കി ദുരന്തമാണ്. ചാലിയാറിലെ അമിത മണല്‍ഖനനമാണ് നിരവധി ജീവനൊടുക്കാന്‍ കാരണമായിട്ടുള്ളത് .
Next Story

RELATED STORIES

Share it