Kottayam Local

മണലൂറ്റിനെതിരേ പ്രതിഷേധവുമായി മനുഷ്യച്ചങ്ങല

കിടങ്ങൂര്‍: ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി വന്‍തോതില്‍ നടക്കുന്ന മണലൂറ്റിനും ചെളിമണ്‍ ഖനനത്തിനുമെതിരേ പ്രതിഷേധമുയര്‍ത്തി കിടങ്ങൂരില്‍ നാട്ടുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. കിടങ്ങൂര്‍ സൗത്തിലെ  കിഴുനാടു,കിള്ളിക്കോണം പാടങ്ങള്‍ വന്‍ഗര്‍ത്തങ്ങളായി മാറ്റിയാണ് ഖനനം നടത്തുന്നത്. ഇതിനോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കരമണലൂറ്റും തകൃതിയായി നടക്കുകയാണ്. മണലൂറ്റും ചെളിമണ്‍ ഖനനവും വ്യാപകമായതിനെത്തുടര്‍ന്ന് നിരവധി വീടുകളും ചെറിയ റോഡുകളും തകര്‍ച്ചയിലാകുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധമിരമ്പിയത്.  ഖനന പ്രദേശത്തിന് 150 മീറ്ററിനുള്ളിലാണ് കിടങ്ങൂര്‍ ചെക്ക് ഡാം. ചെക്ക് ഡാമിന് താഴത്തുവശം ആറിന്റെ ഇരുകരകളും മണല്‍ ഊറ്റുമൂലം  ഇടിഞ്ഞ നിലയിലാണ്.  മാഫിയകളുടെ പ്രവര്‍ത്തനത്തിനെതിരേ പുഴയോര സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മനുഷ്യച്ചങ്ങല. കിടങ്ങൂര്‍ പാലത്തിന് സമീപം തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ രാഷട്രീയ നേതാക്കളും പരിസ്ഥിതി  പ്രവര്‍ത്തകരും നാട്ടുകാര്‍ക്കൊപ്പം  അണിചേര്‍ന്നു.ജില്ലാ പഞ്ചായത്തംഗം ബെറ്റി റോയി, കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രാഹം,  ജനപ്രതിനിധികളായ ജ്യോതി ബാലകൃഷ്ണന്‍, പ്രകാശ് ബാബു,  നീലകണ്ഠന്‍ നമ്പൂതിരി, മണി മണിമലമറ്റത്തില്‍, സിന്ധു രമേശ്, ശാന്തിഗോപാലകൃഷ്ണന്‍,  പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ. സി എം ജോയി, രാമചന്ദ്രന്‍ നായര്‍, ഗോപിനാഥപിള്ള, സംരക്ഷണ സമിതി കണ്‍വീനര്‍  പി രാധാകൃഷ്ണക്കുറുപ്പ് എന്നിവര്‍  മനുഷ്യച്ചങ്ങലയില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it