ernakulam local

മണപ്പുറം പാലം അപകട കേന്ദ്രമാവുമെന്ന് ആശങ്ക

ആലുവ: അധികൃതരുടെ അനാസ്ഥയുടെ ഉദാഹരണമായി ആലുവ മണപ്പുറം പാലത്തിന്റെ അലൈന്‍മെന്റില്‍ പാളിച്ച. ഇതോടെ പാലം അപകട കേന്ദ്രമാവുമെന്ന് ഉറപ്പായി.
ആലുവ കൊട്ടാരക്കടവിനേയും, ആലുവ നഗരസഭ മണപ്പുറത്തേയും ബന്ധിപ്പിക്കുന്ന തരത്തില്‍ പുതുതായി നിര്‍മാണം നടക്കുന്ന നടപ്പാലത്തിന്റെ അലൈന്‍മെന്റാണ് അധികൃതരുടെ അനാസ്ഥമൂലം മാറിയത്. 16 കോടിയോളം ചിലവുള്ള പാലം 12 അടി വീതിയിലാണ് നിര്‍മിക്കുന്നതെങ്കിലും കൊട്ടാരക്കടവിലെത്തുമ്പോള്‍ പാലത്തിന്റെ വീതി ഗണ്യമായി ചുരുങ്ങുന്ന അവസ്ഥയിലാണ്.
കോടികള്‍ മുടക്കി നിര്‍മിക്കുന്ന പാലത്തിന്റെ തിരക്കുപിടിച്ച നിര്‍മാണവും, ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളുമാണ് നിര്‍മാണത്തില്‍ അപാകതയുണ്ടാക്കിയത്. നിര്‍മാണത്തിന്റെ അപാകതമൂലം പാലം അവസാനിക്കുന്ന ഭാഗത്ത് കുപ്പിക്കഴുത്ത് പോലെയാണ് പാലത്തിന്റെ അവസ്ഥ.
കൂടാതെ കൊട്ടാരക്കടവിലേക്ക് ആളുകള്‍ക്ക് പ്രവേശനവും ഇല്ലാതാവും. ശിവരാത്രി സമയങ്ങളില്‍ ആയിരങ്ങള്‍ കടന്നുപോവുന്ന പാലത്തിലെ നിലവിലുള്ള നിര്‍മാണം അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ആശങ്കയുണ്ട്.
കൊട്ടാരക്കടവില്‍ നിന്നും മണപ്പുറത്തേക്കുള്ള പാലം നിര്‍മാണംകൊണ്ട് നാട്ടുകാര്‍ക്ക് യാതൊരു ഗുണവും ഇല്ല. ഈ പാലം സമീപത്തെ കടത്തുകടവിലേക്ക് മാറ്റണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും എംഎല്‍എയുടെ ഏകപക്ഷീയ നിലപാട് മാത്രമാണ് വിവാദങ്ങള്‍ക്കിടയിലും നിര്‍മാണം നടന്നത്.
ശിവരാത്രി സമയത്ത് മാത്രമായിരിക്കും കോടികള്‍ മുടക്കിയുള്ള പാലംകൊണ്ടുള്ള ഏകനേട്ടം. 25 കോടിയോളം മുടക്കി ആലുവ നഗരത്തില്‍ നിര്‍മിച്ച മാര്‍ക്കറ്റ് ഫ്‌ളൈഓവര്‍ നഗരത്തിന് ഒരു ഗുണവും ഇല്ലാതെ ബാധ്യതയാവുമ്പോഴാണ് അതേപടിയില്‍ കോടികള്‍ മുടക്കിയുള്ള പാലം നിര്‍മാണം നടക്കുന്നത്.
പാലം നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരേ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കാനാണ് വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ തീരുമാനം.
Next Story

RELATED STORIES

Share it