Kottayam Local

മഡോണമോള്‍ക്കും മഹേശ്വരിയ്ക്കും തണലേകി ആകാശപ്പറവകള്‍

മുണ്ടക്കയം: നിറവയറുമായി വീട് വിട്ടിറങ്ങി പെണ്‍കുഞ്ഞിനു ജന്മം നല്‍കി തെരുവില്‍ അലഞ്ഞ പാലക്കാട് കൊടുമ്പ് പടിഞ്ഞാറെപാവേടി വീട്ടില്‍ മഹേശ്വരി(33)ക്കും 18 ദിവസം പ്രായമുള്ള മഡോണയ്ക്കും ജീവിത തണലേകുകയാണ് മുണ്ടക്കയം ആകാശപ്പറവയില്‍ പ്രവര്‍ത്തിക്കുന്ന അസീസി ഷെല്‍ട്ടര്‍ ഹോം.
2001ലാണ് പാലക്കാട്ട് കണ്ണാടി പഞ്ചായത്തില്‍ തേന്‍കുറിച്ചി വീട്ടില്‍ ശശി കുഞ്ചന്‍ (40) എന്നയാളുമായി മഹേശ്വരിയുടെ വിവാഹം നടന്നത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന സൂരജാണ് ഇവരുടെ മൂത്ത മകന്‍. തുടര്‍ന്ന് വര്‍ഷങ്ങളുടെ കാത്തിരിപ്പിനെടുവില്‍ കഴിഞ്ഞ വര്‍ഷം മഹേശ്വരി വീണ്ടും രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ശശിയ്ക്ക് മറ്റൊരു കുടുംബം ഉണ്ടെന്നും ഇതില്‍ മൂന്ന് കുട്ടികളുണ്ടെന്നുമുള്ള വാര്‍ത്ത മഹേശ്വരി അറിഞ്ഞത്. ഇതേ ചൊല്ലിയുള്ള വഴക്കും ഭര്‍ത്താവിന്റെ മദ്യപാനവും മഹേശ്വരിയുടെ ജീവിതം നരക തുല്യമാക്കി.
തുടര്‍ന്ന് മഹേശ്വരി സ്വന്തം വീട്ടിലേക്ക് എത്തുകയായിരുന്നു. കൂലി വേലക്കാരായ മാതാപിതാക്കള്‍ക്ക് താന്‍ ഒരു ഭാരമായെന്ന തിരിച്ചറിവില്‍ മഹേശ്വരി വീട് വിട്ടിറങ്ങുകയായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ കഴിഞ്ഞ മാസം രണ്ടിന് വീട് വിട്ട് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ഇവിടെ ദിവസങ്ങളോളം ലോട്ടറി വിറ്റ് ജീവിച്ചു. ഫെബ്രുവരി 14ന് രാവിലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മഹേശ്വരി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
രണ്ട് ദിവസത്തിനു ശേഷം ആശുപത്രിയില്‍ നിന്ന് ഇറങ്ങി കോട്ടയത്തേക്കു ട്രെയിന്‍ കയറി ഈ യാത്രയ്ക്കിടെ സംശയം തോന്നിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ആരാഞ്ഞ ശേഷം മുണ്ടക്കയത്ത് ആകാശപ്പറവകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അസീസി ഷെല്‍ട്ടര്‍ ഹോമില്‍ മഹേശ്വരിയെയും കുഞ്ഞിനെയും എത്തിക്കുകയായിരുന്നു. മഹേശ്വരിയുടെ അഭ്യര്‍ഥന പ്രകാരം 18 ദിവസം പ്രായമുള്ള ഈ കുഞ്ഞിനു ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ മഡോണ എന്നു പേരിട്ടു. ഇപ്പോള്‍ ആകാശപ്പറവയിലെ കുട്ടികളില്‍ ഏറ്റവും ഇളയവളാണ് കുഞ്ഞ് മഡോണ.
Next Story

RELATED STORIES

Share it