kozhikode local

മഠത്തില്‍ അബ്ദുല്‍ അസീസിന്റെ കര്‍മ ജാഗ്രതയെ നഗരം ആദരിക്കുന്നു

കോഴിക്കോട്: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മഠത്തില്‍ അബ്ദുല്‍ അസീസിനെ നഗരം ആദരിക്കും. അബ്ദുല്‍ അസീസിന്റെ കര്‍മ കാണ്ഡം പറയുന്ന ‘'ദൈവം പറഞ്ഞിട്ട് ' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൂക്കിപ്പറമ്പ് ബസ്സപകടം, കടലുണ്ടി തീവണ്ടിദുരന്തം, പാണമ്പ്ര ബസ്സപകടം, മിഠായ്‌തെരുവ് അഗ്നിബാധ, മരുതോങ്കര ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ ദുരന്ത ഭൂമികളില്‍ സഹായവുമായി എത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനാണ് അസീസ്. ഏപ്രില്‍ നാലിന് കെ പി കേശവമേനോന്‍ ഹാളിലാണ് ആദരിക്കല്‍ ചടങ്ങ്. മണ്‍കുഴിയില്‍ മുങ്ങിമരിച്ച കുട്ടിയുടെ അഴുകിയ മൃതദേഹവുമായി മോര്‍ച്ചറിയിലും, തൂങ്ങിമരിക്കാന്‍ ഒരുങ്ങിയ സ്ത്രീയെ കയര്‍ക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയതും അഴുകിയ ജഢങ്ങള്‍ ജലാശയങ്ങളില്‍ നിന്നും പുറത്തെടുത്തതുമുള്‍പ്പടെ എണ്ണിപ്പറഞ്ഞാല്‍ ഒടുങ്ങാത്ത ദുരന്തങ്ങളില്‍ രക്ഷകനായി എത്താറുള്ള അബ്ദുല്‍ അസീസിനെ കോഴിക്കോട് സൗഹൃദവേദിയാണ് ആദരിക്കുന്നത്. അസീസ് തന്റെ പതിനേഴാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ഈ കര്‍മ ജാഗ്രത. 35 വര്‍ഷമായി ചരിത്രത്തില്‍ സമാനതകളില്ലാത്ത പലപ്പോഴും മറ്റാരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ യാതൊരു പ്രതിഫലവും വാങ്ങാതെ ചെയ്യുന്നു.
2500 ലധികം മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി കേരളത്തിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട് അസീസ്.  ഇപ്പോള്‍ ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് അംഗമായ അസീസിന്റെ വേറിട്ട ജീവിതത്തെ ആസ്പദമാക്കി തൃശൂര്‍ ഗവ. ലോ കോളജിലെ ലൈബ്രേറിയനും എഴുത്തുകാരനുമായ റസാഖ് കല്ലേരി രചിച്ച ‘'ദൈവം പറഞ്ഞിട്ട്' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശിതമാവും. കവി പി കെ ഗോപിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്. എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും.  തുടര്‍ന്ന് സന്തോഷ് പി വെള്ളിമണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച അവസാനത്തെ കൈ ഡോക്യൂഫിക്ഷന്‍ പ്രദര്‍ശിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബാബു നരിക്കുനി, സഹീര്‍ ഒളവണ്ണ, റസാഖ് കല്ലേരി, മനോജ് ചെരണ്ടത്തൂര്‍, ആറ്റക്കോയ പള്ളിക്കണ്ടി, കെ സുജിത് സംബന്ധിച്ചു.
Next Story

RELATED STORIES

Share it