ernakulam local

മട്ടാഞ്ചേരി നഗരസഭ സോണല്‍ ഓഫിസ് വളപ്പ് മാലിന്യ സംഭരണ കേന്ദ്രമാവുന്നു



മട്ടാഞ്ചേരി: എല്ലായിടവും ശുചിത്വത്തോടെ പരിപാലിക്കണമെന്ന് പറയുന്ന നഗരസഭയുടെ സോണല്‍ ഓഫിസ് വളപ്പുകള്‍ മാലിന്യ സംഭരണ കേന്ദ്രമായി മാറുന്നത് ജീവനക്കാര്‍ക്കും ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ഒരു പോലെ ദുരിതമായി മാറുകയാണ്. മട്ടാഞ്ചേരി സോണല്‍ ഓഫിസ് വളപ്പിലേക്ക് കയറുമ്പോള്‍ തന്നെ എതിരേല്‍ക്കുന്നത് മാലിന്യങ്ങള്‍ നിറഞ്ഞ് തുറന്ന് കിടക്കുന്ന വണ്ടികളും ചിതറി കിടക്കുന്ന മാലിന്യങ്ങളുമാണ്. ദിവസങ്ങള്‍ പഴക്കമുള്ള മാലിന്യങ്ങള്‍ വരെ ഓഫിസ് വളപ്പിനകത്ത് കിടക്കുന്നതിനാല്‍ റോഡില്‍ നില്‍ക്കുമ്പോള്‍ തന്നെ അസഹനീയമായ ദുര്‍ഗന്ധം അടിക്കുന്ന അവസ്ഥയാണ്. ഓഫിസ് വളപ്പിലെ എല്ലാ ഭാഗങ്ങളിലും മാലിന്യങ്ങള്‍ തള്ളിയിരിക്കുകയാണ്. ഓഫിസിന് സമീപം വാഹനം സൂക്ഷിക്കുന്നതിനായി നിര്‍മിച്ചിട്ടുള്ള ഷെഡ്ഡും മാലിന്യങ്ങളാല്‍ നിറഞ്ഞ് കിടക്കുന്ന അവസ്ഥയാണ്. കെട്ടിടത്തിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭ റവന്യൂ വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം മുഴുവന്‍ ചോര്‍ന്നൊലിച്ച് വൃത്തി ഹീനമായ അന്തരീക്ഷത്തിലാണ്. ഇതും പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഓരോ ദിവസവും ശേഖരിക്കുന്ന മാലിന്യങ്ങള്‍ അതാത് ദിവസം ഉച്ചയ്ക്ക് കൊണ്ട് പോകേണ്ടതാണ്. എന്നാല്‍ ഇതെല്ലാം സോണല്‍ ഓഫിസ് വളപ്പില്‍ കൂട്ടിയിട്ട് കുറേച്ച കൊണ്ട് പോകുന്ന അവസ്ഥയാണ്. ജീവനക്കാര്‍ ഇവിടെ ചന്ദനത്തിരി കത്തിച്ച് വെച്ചാണ് ഇരിക്കുന്നത്. നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ ഇത് മൂലം വലയുകയാണ്. അധിക സമയം നഗരസഭ ഓഫിസ് വളപ്പില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഫോര്‍ട്ട്‌കൊച്ചി സോണല്‍ ഓഫിസ് വളപ്പിലും ഇത്തരത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനെതിരെ ജീവനക്കാരുടെ സംഘടന മേയര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it