മട്ടാഞ്ചേരി കൊട്ടാരം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം: പ്രതിഷേധം ശക്തം

മട്ടാഞ്ചേരി: മട്ടാഞ്ചേരി കൊട്ടാരം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. സംസ്ഥാനസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കേന്ദ്ര പുരാവസ്തു വകുപ്പായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ കൊട്ടാരം പ്രവര്‍ത്തിക്കുന്നത്.
ട്രാവല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെന്ന സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിനെതിരെയാണു ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. കേന്ദ്രം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ള 95 ചരിത്ര സ്മാരകങ്ങളില്‍ ഒന്നാണ് മട്ടാഞ്ചേരി കൊട്ടാരം. കൊച്ചി സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെയും ചരിത്ര വിദ്യാര്‍ഥികളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നായ മട്ടാഞ്ചേരി കൊട്ടാരം സ്വകാര്യ കമ്പനിക്ക് നല്‍കുമ്പോള്‍ ഫലത്തില്‍ ഇതു കൈവിട്ടുപോവുന്നതിനു തുല്യമാവുമെന്നാണു വിവിധ സംഘടനകളുടെ ആക്ഷേപം.സംസ്ഥാനത്തെ ഏറ്റവും പൗരാണികമായ മന്ദിരങ്ങളിലൊന്നാണ് മട്ടാഞ്ചേരി കൊട്ടാരം. കൊട്ടാരം കൈമാറാനുള്ള നീക്കത്തില്‍ ഭക്തജനങ്ങള്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മ്യൂസിയത്തിന്റെ താഴെ നിലയില്‍ ക്ഷേത്രത്തിന്റെ പരദേവത, കുടുംബദേവത എന്നീ പ്രതിഷ്ഠകളുണ്ട്.  കൊട്ടാരം കൈമാറാനുള്ള നീക്കത്തിനെതിരേ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തി.
Next Story

RELATED STORIES

Share it