kannur local

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ ഊര്‍ജിതം



മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ നാലാമത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ മൂന്നുമാസം മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതം. സപ്തംബര്‍ 10നകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന കമ്മീഷന്റെ നിര്‍ദേശം. തുടര്‍ച്ചയായി എല്‍ഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. 2012 സപ്തംബര്‍ നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 34 സീറ്റില്‍ 20ഉം ഇടത് മുന്നണി നേടി. 14 സീറ്റാണ് യുഡിഎഫിന്റെ സമ്പാദ്യം. ഇതിനിടെ സിഎംപി പിളര്‍ന്നതോടെ അരവിന്ദാക്ഷന്‍ പക്ഷത്തെ സി വി ശശീന്ദ്രന്‍ (ഉത്തിയൂര്‍ വാര്‍ഡ്) എല്‍ഡിഎഫിനെ പിന്തുണച്ചു. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ അരവിന്ദാക്ഷന്‍ വിഭാഗം മല്‍സരിക്കുമെന്നാണ് സൂചന. എല്‍ഡിഎഫില്‍ സിപിഎം (19), സിപിഐ (1), സിഎംപി (1), യുഡിഎഫില്‍  കോണ്‍ഗ്രസ് (7), മുസ്‌ലിം ലീഗ് (5), സിഎംപി (1) എന്നിങ്ങനെയാണ് കക്ഷി നില. വരുന്ന തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജനത്തോടെ 35 വാര്‍ഡുകളായി. 1964ല്‍ പഴശ്ശി, കോളാരി വില്ലേജുകള്‍ ഏകോപിപ്പിച്ച് രൂപീകരിച്ച മട്ടന്നൂര്‍ പഞ്ചായത്തിനെ 1990ല്‍ നായനാര്‍ സര്‍ക്കാരാണ് നഗരസഭയായി ഉയര്‍ത്തിയത്. ഇടത് മുന്നണിയും കോണ്‍ഗ്രസിലെ ഒരുവിഭാഗവും ഈ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗവും യുഡിഎഫിലെ മറ്റു കക്ഷികളും  ശക്തമായി എതിര്‍ത്തു. വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും മുറയ്ക്ക് നടന്നപ്പോഴും 1994 വരെ നഗരസഭയായി തന്നെ മട്ടന്നൂര്‍ നിലകൊണ്ടു. പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതോടെ പ്രക്ഷോഭം ശക്തിപ്രാപിച്ചു. ഒടുവില്‍ 1996ല്‍ നായനാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ഒരിക്കല്‍കൂടി മട്ടന്നൂരിനെ നഗരസഭയാക്കി. പഞ്ചായത്ത് വാദികള്‍ പരാതികളുമായി എത്തിയെങ്കിലും പിന്നീട് മാറ്റമുണ്ടായില്ല. 1997ലാണ് മട്ടന്നൂരില്‍ ആദ്യമായി നഗരസഭാ തിരഞ്ഞെടുപ്പ് നടന്നത്. നഗരസഭയോ പഞ്ചായത്തോ അല്ലാതെ കുറേനാള്‍ മട്ടന്നൂര്‍ കഴിഞ്ഞിരുന്നു. ഈ അനിശ്ചിതാവസ്ഥ കാരണമാണ് സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിനൊപ്പം ഇവിടെ തിരഞ്ഞെടുപ്പ് നടക്കാത്ത അവസ്ഥയുണ്ടായത്. മൂര്‍ഖന്‍പറമ്പിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതിനൊപ്പമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും എല്‍ഡിഎഫ് ജനവിധി തേടുക. അഞ്ചുവര്‍ഷത്തെ വികസന മുരടിപ്പ് ഉയര്‍ത്തിക്കാട്ടി യുഡിഎഫും തിരഞ്ഞെടുപ്പിനെ നേരിടും.
Next Story

RELATED STORIES

Share it