kannur local

മട്ടന്നൂര്‍ നഗരസഭയില്‍ 50 കോടിയുടെ റോഡ് പ്രവൃത്തി ഇഴയുന്നു

മട്ടന്നൂര്‍: വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിന്റെ മുന്നോടിയായി മട്ടന്നൂര്‍ നഗരസഭയിലെ റോഡുകള്‍  ടാറിങ് ചെയ്യാനുള്ള നടപടികള്‍ വൈകുന്നു. സര്‍ക്കാര്‍ പ്രത്യേകമായി 5 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരെ ടാറിങ് പ്രവൃത്തി ആരംഭിച്ചില്ല. ഫണ്ട് ലഭിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ നഗരസഭ ഭരണ സമിതി  നഗരസഭയിലെ 21 റോഡുകള്‍ മെക്കാഡം ടാറിങ് ഉള്‍പ്പെടെ പ്രവൃത്തി നടത്താന്‍ അനുമതി നല്‍കിയിരുന്നു. കൗണ്‍സില്‍ യോഗം ചേര്‍ന്നു ടാറിങ് പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.
വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ടെണ്ടര്‍ നല്‍കിയെങ്കിലും ഇതുവരെ പ്രവൃത്തി ആരംഭിച്ചില്ല. നഗരസഭയിലെ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ടാറിങ് ആരംഭിച്ചില്ല. ഇതിനിടെ നഗരസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രവൃത്തി ആരംഭിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും റോഡിന്റെ പ്രവൃത്തി ആരംഭിക്കാത്തത് ജനങ്ങളില്‍ പ്രതിഷേധത്തിനു കാരണമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ റോഡ് ടാറിങിനായി എംപി, എംഎല്‍എ ഫണ്ട് അനുവദിച്ചിട്ടും പ്രവൃത്തി നടത്താന്‍ ടെണ്ടര്‍ വിളിച്ചില്ലെന്നും ആരോപണമുണ്ട്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണ് റോഡ് ടാറിങ് ചെയ്യാത്തതെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡിലെ യാത്ര ചെയ്തു സഹകരിച്ചെങ്കിലും  തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും റോഡ് പ്രവൃത്തി ആരംഭിച്ചിട്ടില്ല.
മാര്‍ച്ച് മാസത്തിനു മുമ്പ് റോഡ് പണി പൂര്‍ത്തീകരിക്കാനാണ് കരാര്‍. നിര്‍മാണ പ്രവൃത്തികള്‍ക്ക് ജിഎസ്ടി വന്നത്തോടെ കരാര്‍ പ്രവൃത്തിയില്‍ നിന്ന് പല കരാറുകാരും വിട്ടുനില്‍ക്കുകയാണ്. കരാര്‍ തുകയുടെ 12 ശതമാനം കരാര്‍ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് ജിഎസ്ടി നല്‍ക്കണമെന്നാണ് വ്യവസ്ഥ.
Next Story

RELATED STORIES

Share it