kannur local

മട്ടന്നൂര്‍ ഗവ. ആശുപത്രി ശോച്യാവസ്ഥയില്‍

ഉരുവച്ചാല്‍: മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ മട്ടന്നൂര്‍ ഗവ. താലൂക്ക് ആശുപത്രി ശോച്യാവസ്ഥയില്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണു ചോര്‍ന്നൊലിക്കുന്നു. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ വീടിനു സമീപത്തെ സര്‍ക്കാര്‍ ആശുപത്രിക്കാണ് ഈ ദയനീയാവസ്ഥ. മഴക്കാലം തുടങ്ങിയതോടെ പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ട്. നേരത്തേ 10ഓളം ഡോക്ടര്‍മാരുണ്ടായിരുന്ന ആശുപത്രിയില്‍ നിലവില്‍ മെഡിക്കല്‍ ഓഫിസര്‍ അടക്കം ആറുപേര്‍ മാത്രമാണുള്ളത്.
ഗൈനക്കോളജിസ്റ്റില്ലാത്തതിനാല്‍ പ്രസവ വാര്‍ഡും ഓപറേഷന്‍ തിയേറ്ററും പൂട്ടിയിട്ടിരിക്കുകയാണ്. 12 വര്‍ഷം മുമ്പ് ഇവിടെയുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് സ്ഥലം മാറി പോയ ശേഷം പകരം ഡോക്ടറെ നിയമിച്ചിട്ടില്ല. ഇതോടെ പ്രസവ വാര്‍ഡും ഓപറേഷന്‍ തിയേറ്ററും പൂട്ടിയിടുകയായിരുന്നു. ഇതോടെ പ്രസവത്തിനായുള്ളവര്‍ തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുകയാണ്. ദിനംപ്രതി 500ലേറെ രോഗികളാണ് ഇവിടെ ചികില്‍സയ്‌ക്കെത്തുന്നത്.രോഗികള്‍ക്ക് നല്‍കേണ്ട മരുന്നിലും ക്ഷാമം നേരിടുന്നുണ്ട്.
ആശുപത്രിയില്‍ നിന്ന് ലഭിക്കാത്ത മരുന്ന് പുറമെ നിന്ന് വന്‍ തുക നല്‍കേണ്ട അവസ്ഥയാണ്. മട്ടന്നൂര്‍ നഗരസഭ, കൂടാളി, കീഴല്ലൂര്‍, മാലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലെയും ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി, ഉളിയില്‍ ഭാഗങ്ങളിലെയും ജനങ്ങല്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴയ കെട്ടിടത്തിന് സമീപത്ത് 46 ബെഡുകള്‍ ഇടാന്‍ വിധത്തില്‍ ഇരുനില കെട്ടിടം പണിതിരുന്നു. എന്നാല്‍ പുതിയ കെട്ടിടത്തില്‍ കിടത്തി ചികില്‍സ ആരംഭിക്കാതെ ഒപി വിഭാഗം പ്രവര്‍ത്തിക്കുകയായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമായിരുന്നു. നിലവില്‍ ഉച്ചവരെ മാത്രം ഒപി പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗികള്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പഴയ കെട്ടിടം പൊളിച്ചു പുതിയ ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മിക്കാന്‍ വിമാനത്താവള കമ്പനിയായ കിയാല്‍ ഒരു കോടിയിലെറെ രൂപ നല്‍കിയിരുന്നു. കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയാക്കി മാറ്റാന്‍ ആരോഗ്യ മന്ത്രി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it