kannur local

മട്ടന്നൂരില്‍ വീണ്ടും ഡെങ്കി; ജനം ഭീതിയില്‍



മട്ടന്നൂര്‍: ഒരിടവേളയ്ക്കുശേഷം മട്ടന്നൂരില്‍ വീണ്ടും ഡെങ്കിപ്പനി പടരുന്നു. ഇവിടെ അഞ്ചുപോലിസുകാരെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പനി വ്യാപകമാവുന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. നഗരത്തില്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് നടത്തിയ ശുചീകരണ പ്രവൃത്തി പാതിവഴിയിലാണ്. ഇതിന്റെ ഭാഗമായി വീടുകളില്‍ നിന്നുശേഖരിച്ച മാലിന്യങ്ങള്‍ ആഴ്ച്ചകള്‍ പിന്നിട്ടിട്ടും റോഡരികില്‍ തന്നെ കൂട്ടിയിട്ടിരിക്കുന്നു. നഗരസഭയുടെ അനാസ്ഥയാണ് ഇതു തുറന്ന് കാട്ടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊറോറ, പാറാടന്‍ചാല്‍ മേഖലയില്‍ കൂടി പനി വ്യാപിച്ചിരിക്കുകയാണ്. കാലവര്‍ഷം ആരംഭിച്ചതോടെ കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനിടയുള്ളതിനാല്‍ പ്രതിരോധ പ്രവൃത്തി കാര്യക്ഷമമാവാത്തത് എതിര്‍പ്പിനിടയാക്കുന്നു. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന മട്ടന്നൂരിലെ ഗവ. ആശു പത്രി ശോച്യാവസ്ഥയില്‍ തന്നെയാണ്. കെട്ടിടത്തിന്റെ പലയിടത്തും ചോര്‍ന്നൊലിക്കുന്നു. കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നുണ്ട്. സ്ത്രീകളുടെ വാര്‍ഡിനോടുചേര്‍ന്നുള്ള രോഗികളെ കിടത്തിച്ചികില്‍സിക്കുന്ന മുറിയിലെ കോണ്‍ക്രീറ്റ്് കഴിഞ്ഞ ദിവസം ഇളകിവീണു. രണ്ടുമാസം മുമ്പ് ഈ മുറിയിലെ ഫാന്‍ അടക്കം അടര്‍ന്നുവീണിരുന്നു. ആശുപത്രി മുറി മെഡിക്കല്‍ ഓഫിസര്‍ കെ സുഷമ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചു.  മഴ തുടങ്ങിയതോടെ കെട്ടിടത്തിന്റെ മുകളില്‍ വെള്ളംകെട്ടിക്കിടക്കുന്നത് കൂടുതല്‍ അപകടം വരുത്തും. 35ലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച ഷീറ്റും തകര്‍ന്നു. കിയാലിന്റെ സഹകരണത്തോടെ മട്ടന്നൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങുമെന്ന് സര്‍ക്കാര്‍ വാഗ്ദാനമുണ്ടെങ്കിലും നടപടികള്‍ തുടങ്ങിയിട്ടില്ല. ചാവശ്ശേരി മേഖലയില്‍ ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധികളും വ്യാപകമാകുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ചാവശ്ശേരി, പഴയ പോസ്റ്റ് ഓഫിസ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം, വട്ടക്കയം, പറയനാട് എന്നിവിട ങ്ങ ളിലുള്ളവര്‍ക്കാണ് ഡെങ്കിപ്പനി പിടിപെട്ടത്.
Next Story

RELATED STORIES

Share it