kannur local

മട്ടന്നൂരില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മട്ടന്നൂര്‍: അയ്യല്ലൂരില്‍ സിപിഎം പ്രവര്‍ത്തകനായ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു.
തിങ്കളാഴ്ച രാത്രി 10ന് അയ്യല്ലൂര്‍ വായനശാലയ്ക്ക് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലായിരുന്നു സംഭവം. മട്ടന്നൂര്‍ നഗരസഭ മുന്‍ ചെയര്‍മാനും സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗവുമായ ചന്ദ്രന്‍ മാസ്റ്ററുടെ മകന്‍ ചാവശ്ശേരി വളോരയിലെ ഗവ. ഹോമിയോ ക്ലിനിക്കിലെ ഡോക്ടര്‍ കെ ടി സുധീര്‍ കുമാര്‍ (50), പാര്‍ട്ടി അനുഭാവിയും അയ്യല്ലൂര്‍ പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡിന്റെ കൗണ്‍സിലര്‍ ശ്രീജയുടെ സഹോദരന്‍ കെ ശ്രീജിത്ത് (42) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ബസ് ഷെല്‍ട്ടറില്‍നിന്ന് വീട്ടിലേക്ക് പോവാന്‍  ഇറങ്ങുന്നതിനിടെ ആള്‍ട്ടോ കാറിലും ബൈക്കുകളിലും എത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ദേഹമാസകലം പരിക്കേറ്റ ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഇരുവരെയും ഇന്നലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. അക്രമത്തിനു പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.
രണ്ടുദിവസം മുമ്പ് ശിവപുരം-മാലൂര്‍ റോഡില്‍ കാറില്‍ സഞ്ചരിക്കവെ അഞ്ച് ബിജെപി പ്രാദേശിക നേതാക്കളെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ രാത്രിയിലുണ്ടായ സംഭവമെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it