Flash News

മട്ടന്നൂരില്‍ ഡെങ്കിപ്പനി പടരുന്നു ; ഒരാള്‍ കൂടി മരിച്ചു



മട്ടന്നൂര്‍: ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന മട്ടന്നൂര്‍ മേഖലയില്‍ ഇന്നലെ ഒരു മരണം കൂടി. ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന മട്ടന്നൂരിലെ വ്യാപാരി കൊതേരിയിലെ തായക്കല്‍ ഹൗസില്‍ എന്‍ വി ഗംഗാധരന്‍ നായര്‍ (76) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മട്ടന്നൂര്‍ തവക്കല്‍ കോംപ്ലക്‌സിലെ തിരൂര്‍ പൊന്ന് കടയിലെ വ്യാപാരിയാണ്. ഡെങ്കിപ്പനിയെ തുടര്‍ന്ന് നാലു ദിവസമായി ചികില്‍സയിലായിരുന്നു. ശങ്കരന്‍ നായരുടെയും ദേവകിയമ്മയുടെയും മകനാണ്. നാടകനടനായ ഇദ്ദേഹം മട്ടന്നൂര്‍ വയല്‍വീട് കാവിന്റെയും, തളിപ്പറമ്പ് പുതിയേടത്ത് കാവിന്റെയും കാരണവരായിരുന്നു. ഭാര്യ: ലീല, മക്കള്‍: റീത്ത (പേരാവൂര്‍), ബിന്ദു (നീലേശ്വരം), ജയേഷ്, മരുമക്കള്‍: സദാശിവന്‍, പ്രദീപന്‍, അനില. അതേസമയം, ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സ്വദേശമായ  ഇരിട്ടി, മട്ടന്നൂര്‍, മേഖലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 100 കവിഞ്ഞതായാണ് കണക്കുകള്‍. ഇന്നലെ മാത്രം 30ഓളം പേര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി. ഇവരില്‍ നാലുപേര്‍ക്ക് ഡെങ്കി ലക്ഷണം സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും മേഖലയില്‍ ജനം ഭീതിയിലാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രത്യേക ക്ലിനിക്കുകള്‍ തുറന്നിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് തീരുമാനം. അതിനിടെ, ആരോഗ്യവകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എന്നാല്‍, സമരം രാഷ്ട്രീയപ്രേരിതമാണെന്നാണ് നഗരസഭാ ഭരണം കൈയാളുന്ന സിപിഎമ്മിന്റെ വാദം. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരനാണ് മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍. യുഡിഎഫ് സമരത്തിനെതിരേ സിപിഎം ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it