kannur local

മട്ടന്നൂരിലെ വയോമിത്രം ഓഫിസ് പുനരാരംഭിക്കാന്‍ തീരുമാനം

ഉരുവച്ചാല്‍: ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്ന വയോമിത്രം ഓഫിസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. പദ്ധതിയുടെ ചുമതല പുതിയ കോഓഡിനേറ്റര്‍ക്കു നല്‍കി ഉടന്‍ ഉത്തരവിറക്കുമെന്ന് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി പി അശ്‌റഫലി അറിയിച്ചതായി ഇ പി ജയരാജന്‍ എംഎല്‍എ അറിയിച്ചു.
അടുത്ത ആഴ്ച തന്നെ വയോമിത്രം പദ്ധതി പുനരാരംഭിക്കാനാവുമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാലില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം ഓഫിസ് കഴിഞ്ഞ മാസം 28നാണ് അടച്ചുപൂട്ടിയത്. സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള വയോമിത്രം പദ്ധതിയുടെ കോ-ഓഡിനേറ്റര്‍ക്കു പകരം പുതിയ ആള്‍ ചുമതലയേറ്റതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോ-ഓഡിനേറ്ററായിരുന്ന നിഷാ മേരി ജോണിന്റെ കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ പകരം വി സി മഹേഷ് എന്നയാളാണു ചുമതലയേറ്റത്. എന്നാല്‍ ഒരുവിഭാഗം ഇതിനെ എതിര്‍ത്തു.
ഇദ്ദേഹം ഓഫിസിലെത്തി ചുമതലയേറ്റതിനെ തുടര്‍ന്ന് തര്‍ക്കം രൂക്ഷമായപ്പോള്‍ നഗരസഭ അധികൃതരെത്തി ഓഫിസ് അടച്ചിടുകയായിരുന്നു. ഇതോടെ വയോധികരായ രോഗികള്‍ക്ക് മരുന്നും ശുശ്രൂഷയും ഇല്ലാതായി.
രോഗികളുടെ തുടര്‍ ചികില്‍സയും മുടങ്ങി. ഓഫിസ് അടച്ചുപൂട്ടിയതറിയാതെ നിരവധി വയോധികരാണ് വയോജന വിശ്രമ കേന്ദ്രത്തിലെത്തി തിരിച്ചു പോവുന്നത്.
Next Story

RELATED STORIES

Share it