kannur local

മട്ടന്നൂരിലെ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനരഹിതം

മട്ടന്നൂര്‍: മോഷണങ്ങളും അപകടങ്ങളും തടയാന്‍ മട്ടന്നൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ പ്രവര്‍ത്തനം നിലച്ചു. തളിപ്പറമ്പ് ഡിവൈഎസ്പിയായ കെ വി വേണുഗോപാല്‍ മട്ടന്നൂര്‍ സിഐയായി സേവനമനുഷ്ഠിക്കവെയാണ് മട്ടന്നൂര്‍ ബസ്‌സ്റ്റാന്റ്, മാര്‍ക്കറ്റ്, തലശ്ശേരി-കണ്ണൂര്‍-ഇരിട്ടി റോഡുകള്‍ എന്നിവിടങ്ങളിലായി കാമറ സ്ഥാപിച്ചത്. ഇതോടെ നിരവധി അപകടങ്ങള്‍ക്ക് നിര്‍ണായക തെളിവുകള്‍ ലഭിക്കുകയും കുഴല്‍പ്പണം തട്ടിയ പോലിസുകാരനെ ഉള്‍പ്പെടെ പിടികൂടാനും സാധിച്ചിരുന്നു.
മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷനില്‍ സജ്ജീകരിച്ച കംപ്യൂട്ടറിലൂടെ നഗരം നിരീക്ഷിക്കാന്‍ സിവില്‍ പോലിസ് ഓഫിസറെ നിയോഗിക്കുകയുമുണ്ടായി. എന്നാല്‍, മുഴുവന്‍ കാമറകളും തകരാറിലായതോടെ പോലിസിന്റെ ടൗണ്‍ നിരീക്ഷണവും നിലച്ചു. മാസങ്ങള്‍ കഴിഞ്ഞെങ്കിലും നന്നാക്കാനോ മാറ്റിസ്ഥാപിക്കാനോ തയ്യാറാവുന്നില്ല. കാമറ സ്ഥാപിച്ച തൂണുകളില്‍ പരസ്യബോര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാസം ഇരിട്ടി റോഡില്‍ പെട്രോള്‍ പമ്പിനു സമീപം ബൈക്കിടിച്ച് ചാവശ്ശേരി സ്വദേശി മരിച്ചിരുന്നു. നിര്‍ത്താതെ പോയ ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടു സിസിടിവി കാമറയുള്ള സ്ഥലത്തായിരുന്നു അപകടം. കാമറ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ബൈക്ക് പിടികൂടാന്‍ കഴിയുമായിരുന്നു.
ജില്ലയില്‍ കണ്ണൂരിലും തലശ്ശേരിക്കും പുറമെ മട്ടന്നൂരിലായിരുന്നു ആദ്യമായി നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നത്. കാമറ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഒരുവര്‍ഷം മുമ്പ് മട്ടന്നൂര്‍, ഉരുവച്ചാല്‍, വിമാനത്താവള റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ 30ലധികം കാമറകള്‍ സ്ഥാപിക്കുമെന്നു പറഞ്ഞ് ബസ്സ്റ്റാന്റ് പരിസരത്ത്  ഉദ്ഘാടനം നടത്തിയിരുന്നു.  ഇവിടങ്ങളില്‍ ഇതുവരെ കാമറകള്‍ സ്ഥാപിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it