kannur local

മട്ടന്നൂരിലെ ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണം; ടൂറിസ്റ്റ് ടാക്‌സികള്‍ പെരുവഴിയിലാവും

മട്ടന്നൂര്‍: മട്ടന്നൂര്‍ ഐബി വളപ്പില്‍ ടൗണ്‍ സ്‌ക്വയറിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതോടെ ടൂറിസ്റ്റ് ടാക്‌സികള്‍ പെരുവഴിയിലാവുമെന്ന് ആശങ്ക. പകരം സംവിധാനം ഒരുക്കാതെ നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതോടെ എതിര്‍പ്പുമായി തൊഴിലാളികള്‍ രംഗത്തുവന്നിട്ടുണ്ട്. നഗരസഭയുടെ ഓരോ പ്രവൃത്തി നടത്തുമ്പോഴും ടാക്‌സി തൊഴിലാളികളാണ് വഴിയാധാരമാകുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. മട്ടന്നൂര്‍ ബസ്സ്റ്റാന്റ് പരിസരത്തായിരുന്നു ജീപ്പുകളും ടൂറിസ്റ്റ് ടാക്‌സികളും പാര്‍ക്ക് ചെയ്തിരുന്നത്.
ബസ്സ്റ്റാന്റില്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തോടെ ടാക്‌സികള്‍ മാര്‍ക്കറ്റ് സൈറ്റിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ആറുമാസം മുമ്പാണ് നഗരസഭയുടെ ഷോപ്പിങ് മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വീണ്ടും അവിടെ നിന്നു ടൗണിലെ ഐബി പരിസരത്ത് താല്‍ക്കാലികമായി പാര്‍ക്കിങ് മാറ്റിയത്.
ഇനിയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് തങ്ങളുടെ ടാക്‌സികള്‍ മാറ്റുകയില്ലെന്ന നിലപാടാണ് തൊഴിലാളികളുടേത്. പാര്‍ക്കിങിനായി സ്ഥിരം സംവിധാനമാണ് നഗരസഭ ഒരുക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷനു പിറകുവശത്ത് നഗരസഭയുടെ മല്‍സ്യ പച്ചക്കറി മാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ ടാക്‌സി സ്റ്റാന്റും പൂര്‍ണ സ്ഥിതിയിലാവുമെന്നും ഇതോടനുബന്ധിച്ച് ബൈപാസ് റോഡുകളും യാഥാര്‍ഥ്യമാവുമെന്നും അധികൃതര്‍ പറയുമ്പോഴും തൊഴിലാളികള്‍ക്ക് വിശ്വാസത്തിലെടുക്കാനാവുന്നില്ല. നൂറോളം ടാക്‌സികള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇവയ്ക്കുള്ള പാര്‍ക്കിങ് സൗകര്യം പുതുതായി ഒരുക്കുന്ന സ്ഥലത്ത് ഇല്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മട്ടന്നൂര്‍ നഗരസഭാ വികസനത്തിന്റെ ഭാഗമായാണ് നഗരത്തിലെ മല്‍സ്യ മാര്‍ക്കറ്റ് മാറ്റി ടൗണ്‍ വിട്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത്. എന്നാല്‍ ടാക്‌സി തൊഴിലാളികളെ വഴിയാധാരമാക്കരുതെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Next Story

RELATED STORIES

Share it