kannur local

മട്ടന്നൂരിലും ഇരിട്ടിയിലും കെട്ടിടം പരിശോധിച്ചു

മട്ടന്നൂര്‍/ഇരിട്ടി: ഇരിട്ടി താലൂക്കില്‍ സര്‍ക്കാര്‍ അനുവദിച്ച ജോയിന്റ് ആര്‍ടി ഓഫിസിനായി മട്ടന്നൂരിലും ഇരിട്ടിയിലും അധികൃതര്‍ സ്ഥലപരിശോധന നടത്തി. ഇരു സ്ഥലത്തും ജോയിന്റ് ആര്‍ടിഒ എ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടവും മലയ്ക്കുതാഴെ ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള ഗ്രൗണ്ടുമാണു പരിശോധിച്ചത്. മട്ടന്നൂര്‍ നഗരസഭയുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ഇരിട്ടിയില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടവും ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഹോസ്റ്റലിന്റെ രണ്ടാം നിലയുമാണ് പരിശോധിച്ചത്. അന്തിമ റിപോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച് ഓഫിസ് ഈ മാസം തന്നെ തുറന്നുപ്രവര്‍ത്തിക്കാനാണ് അധികൃതരുടെ തീരുമാനം. ജോയിന്റ് ആര്‍ടിഒ എം പി റിയാസ്, എംവിഐ വി രാജീവ്, നഗരസഭാ കൗണ്‍സിലര്‍മാരായ എ കെ സുരേഷ് കുമാര്‍, വി പി ഇസ്മായില്‍, എം ഗംഗാധരന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. പുതുതായി ആരംഭിച്ച ഇരിട്ടി താലൂക്കില്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ യോഗം ആര്‍ടി ഓഫിസിന് അനുമതി നല്‍കിയത്. ഇതോടൊപ്പം വിവിധ തസ്തികകളിലെ 20 നിയമനങ്ങളും അംഗീകരിച്ചു. അനുബന്ധ ഓഫിസുകള്‍ മുഴുവനും ആസ്ഥാനമായ ഇരിട്ടിയില്‍ തന്നെ വേണമെന്ന വാദവുമായി സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ശക്തമായി രംഗത്തുണ്ട്. മുമ്പ് താലൂക്കില്‍ അനുവദിച്ച എക്‌സൈസ് ഓഫിസ് മട്ടന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ജോയിന്റ് ആര്‍ടി ഓഫിസും മട്ടന്നൂരില്‍ സ്ഥാപിക്കാന്‍ നീക്കം ശക്തമായത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ ആര്‍ടി ഓഫിസ് മട്ടന്നൂരില്‍ സ്ഥാപിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
Next Story

RELATED STORIES

Share it