kannur local

മട്ടന്നൂരിന്റെ ചരിത്ര ശേഖരണവുമായി മുന്‍ നഗരപിതാവ്

മട്ടന്നൂര്‍: നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയെങ്കിലും മട്ടന്നൂരിന്റെ സമഗ്രചരിത്രം തയ്യാറാക്കുന്ന തിരക്കിലാണ് കെ ഭാസ്‌കരന്‍ മാസ്റ്റര്‍. നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ 10 വര്‍ഷം സേവനമനുഷ്ടിച്ചു ഇദ്ദേഹം. മട്ടന്നൂര്‍ നഗരസഭയുടെ സിസിഎസ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍ ഇരുന്നാണ് എഴുത്തും വിവരങ്ങളുടെ ക്രോഡീകരണവും. ഭാസ്‌കരന്‍ ചെയര്‍മാനായിരിക്കെയാണ് 2016 സപ്തംബറില്‍ മട്ടന്നൂരിന്റെ ചരിത്രം തയ്യാറാക്കാന്‍ ഭരണസമിതി തീരുമാനിച്ചത്. ജനപ്രതിനിധികളെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍, ചരിത്രാധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ചരിത്രരചനാ ശില്‍പശാല സംഘടിപ്പിച്ചിരുന്നു. ഭരണസമ്പ്രദായങ്ങള്‍, ഭൂബന്ധങ്ങള്‍, തറവാടുകളുടെ രൂപീകരണവും  വികാസവും, വ്യത്യസ്ത ജനവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍, കൃഷി  രീതികള്‍, വ്യത്യസ്ത ആരാധനാ രീതികള്‍, ഐതിഹ്യങ്ങള്‍, വ്യത്യസ്തങ്ങളായ  കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചരിത്രത്തില്‍ ഉള്‍പ്പെടുത്തും. ഇതിനുപുറമെ, പഴയകാലത്തെ കത്തുകള്‍, ചിത്രങ്ങള്‍, പുരാവസ്തുക്കള്‍, സ്മരണികകള്‍, താളിയോലകള്‍, നാടന്‍പാട്ടുകള്‍, തോറ്റങ്ങള്‍ തുടങ്ങിയവയും പരിഗണിക്കും. ഒരുവര്‍ഷം മുമ്പുതന്നെ ചരിത്രശേഖരണം  ആരംഭിച്ചിരുന്നെങ്കിലും  നഗരസഭാ തിരഞ്ഞെടുപ്പ് നടന്നതിനാല്‍ തുടര്‍നടപടികള്‍ വൈകുകയായിരുന്നു. രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെ ഭാസ്‌കരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it