Kollam Local

മടവൂരിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

കൊല്ലം: മടവൂര്‍ വാസുദേവന്‍ നായര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.സംസ്‌കാരം ഇന്നലെ വൈകീട്ട് മുളങ്കാടകം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതിയോടെ നടന്നു. ചൊവ്വാഴ്ച രാത്രി 10.30ന് അഞ്ചല്‍ അഗസ്ത്യക്കോട് മഹാ ദേവ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് രാവണവിജയം കഥകളിയില്‍ വേഷം അവതരിപ്പിച്ച് തുടങ്ങി ആറ് മിനിട്ട് കഴിഞ്ഞപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബുധനാഴ്ച പുലര്‍ച്ചെ വള്ളിക്കീഴിലെ സ്വവസതിയിലെത്തിച്ച ഭൗതികശരീരം രാവിലെ 11 മണിയോടെ മടവൂരിലേയ്ക്ക് കൊണ്ടുപോയി. തുമ്പോട് ഗവ. യുപിഎസിലും പകല്‍ക്കുറി കലാസാരഥിയിലും പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അതിനുശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. മുഖ്യമന്ത്രിക്കുവേണ്ടി ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ പുഷ്പചക്രം അര്‍പ്പിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രിക്കു വേണ്ടിയും റീത്ത് സമര്‍പ്പിച്ചു. പിന്നീട് വീട്ടിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം മുളങ്കാടകം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിച്ചു. കലാമണ്ഡലം ഗോപി ആശാന്‍, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി കെ നാരായണന്‍, കലാമണ്ഡലം വിമലാ മേനോന്‍, വാരണാസി വിഷ്ണു നമ്പൂതിരി, കുരീപ്പുഴ ശ്രീകുമാര്‍,  മേയര്‍ അഡ്വ. വി രാജേന്ദ്രബാബു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. എന്‍ അനിരുദ്ധന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കോണ്‍ഗ്രസ് നേതാവ് കെ സി രാജന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചവരില്‍പ്പെടുന്നു.തെക്കന്‍ ചിട്ടയുടെ സവിശേഷ വ്യക്തിത്വവും സൗന്ദര്യവും ഉയര്‍ത്തിപ്പിടിച്ച കഥകളി ആചാര്യനാണ് മടവൂര്‍ വാസുദേവന്‍ നായര്‍. കിളിമാനൂര്‍ മടവൂര്‍ കരോട്ട് വീട്ടില്‍ രാമക്കുറുപ്പിന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി 1929 ഏപ്രില്‍ 17നായിരുന്നു ജനനം. ഗുരു വെങ്ങാന്നൂര്‍ ആശാന്റെ കീഴില്‍ കഥകളി അഭ്യസിച്ചു. തിരുവിതാംകൂര്‍ കൊട്ടാരത്തിലായിരുന്നു അരങ്ങേറ്റം. 60 കളില്‍ തന്നെ അറിയപ്പെടുന്ന കഥകളി നടനായി. 1967 മുതല്‍ 77 വരെ കലാമണ്ഡലത്തില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1978ല്‍ പകല്‍ക്കുറിയില്‍ കലാഭാരതി കഥകളി വിദ്യാലയം എന്ന പേരില്‍ കഥകളി കേന്ദ്രം ആരംഭിച്ചു. ഇതിന്റെ പ്രഥമ പ്രിന്‍സിപ്പലായിരുന്നു മടവൂര്‍ വാസുദേവന്‍നായര്‍. ബാണയുദ്ധത്തിലെ ബാണന്‍ ഉത്തരാസ്വയംവരത്തിലെ ദുര്യോധനന്‍, തോരണയുദ്ധം, കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാന്‍, ദുര്യോധന വധത്തിലെ ദുര്യോധനന്‍ എന്നീ വേഷങ്ങളില്‍ പ്രസിദ്ധനായിരുന്നു. 2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, കലാമണ്ഡലം ഫെലോഷിപ്പ്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ രംഗകുലപതി അവാര്‍ഡ്, തുളസീവനം പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. സാവിത്രിഅമ്മയാണ് ഭാര്യ. മിനി കിരണ്‍, ഗംഗാതമ്പി, മധു എന്നിവര്‍ മക്കളും കിരണ്‍ പ്രഭാകര്‍, തമ്പി, താജ്ബീവി എന്നിവര്‍ മരുമക്കളുമാണ്.
Next Story

RELATED STORIES

Share it