kozhikode local

മടപ്പള്ളി ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലിംഗസമത്വ വിദ്യാലയമാവുന്നു



വടകര: ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് കടക്കുന്ന മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 36 വര്‍ഷങ്ങള്‍ ശേഷം യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം നല്‍കി വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. 1980ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം അന്നത്തെ ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ അണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിദ്യാലയങ്ങളായി വേര്‍പിരിഞ്ഞിരിക്കുകയായിരുന്നു. വ്യക്തിത്വ വികസനത്തിന് വലിയ പ്രാധാന്യം നല്‍കുന്ന സമഗ്രവികസനമാണ് പാഠ്യപദ്ധതികള്‍ മുന്നോട്ടുവെക്കുന്നത്. പങ്കാളിത്ത പഠനത്തിലും സഹകരണാത്മക പഠനത്തിലും അധിഷ്ഠിതമായ സംഘപ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍തന്നെ അറിവു നിര്‍മ്മിക്കുന്ന ജ്ഞാനമിര്‍മിതി വാദമാണ് ഇന്നത്തെ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന തത്വം. ഇതിന്റെയൊക്കെ അന്തസത്ത എന്ന നിലയില്‍ ലിംഗപരമായ സമത്വബോധവും സഹവര്‍ത്തിത്ത്വവും ക്ലാസ് മുറികളില്‍ അനിവാര്യമാണ്. ഈ ഒരു കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ് ഈ അക്കദമിക് വര്‍ഷം 5,8 ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം നല്‍കുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയിലും ഹയര്‍സെക്കണ്ടറിയിലും അത് ആരംഭിച്ചഘട്ടത്തില്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കി വരുന്നുണ്ട്. എംഎല്‍എ ഫണ്ടും, ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 1.70 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം പ്രവര്‍ത്തനക്ഷമമായിരിക്കുകയാണ്. ഈ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ പ്രവൃത്തി കൂടി ഉടന്‍ നടക്കും. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് 3 നിലകളിലായി 18 ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. അതോടൊപ്പം തന്നെ സംസ്ഥാന ബജറ്റില്‍ അനുവദിച്ച 3 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവും നടക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. മാത്രമല്ല കായിക രംഗത്ത് സമഗ്രവികസനം ലക്ഷ്യമിട്ട് ഇന്റോര്‍ സ്‌റ്റേഡിയം അടക്കമുള്ള ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കാനുള്ള അനുമതിക്കായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലറെ സമീപിച്ചപ്പോള്‍ അനുകൂലമായ നടപടിയാണ് ഉണ്ടായത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടിപി ദാസനും ഡയറക്ടര്‍ സജ്ഞയന്‍കുമാര്‍ ഐഎഫ്എസ് ഉം സ്‌കൂള്‍ സന്ദര്‍ശിക്കുകയും വികസന സാധ്യതകള്‍ ആരായുകയും ചെയ്തിട്ടുണ്ട്. നിരവധി ദേശീയ-അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുത്ത ഉജ്ജ്വലമായ ചരിത്രം മടപ്പള്ളി ഹൈസ്‌കൂളിനുണ്ട്. എന്നാല്‍ കാലക്രമേണ ഈ പെരുമ നഷ്ടപ്പെടുകയാണുണ്ടായത്. വോളീബോള്‍ രംഗത്തെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ ‘മാനസം വോളി അക്കാദമിക് ‘ രൂപം നല്‍കിയിരിക്കുകയാണ്. മാത്രമല്ല 8ാം ക്ലാസില്‍ പ്രവേശനം നേടുന്ന 30 കുട്ടികള്‍ക്കായി 3 വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു പരിശീലന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച വോളീബോള്‍ ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിലവില്‍ വരുന്നതോടെ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ടെന്നീസ്, ഷട്ടില്‍, അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ വിദഗ്ദ പരിശീലനം ഉറപ്പുവരുത്താനുള്ള പദ്ധതികളും നടപ്പാക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it