kozhikode local

മടപ്പള്ളി കോളജ്‌ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തകര്‍ക്കാനുള്ള നീക്കം പ്രതിരോധിക്കും: റവല്യൂഷണറി യൂത്ത്‌

വടകര: മടപ്പളളി ഗവ.കോളജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മരങ്ങള്‍ മുറിച്ച് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിക്കാനുള്ള കോളജ് അധികാരികളുടെ നീക്കം എന്ത് വിലകൊടുത്തും തടയുമെന്ന് റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള വടക്കന്‍ കേരളത്തിലെ തന്നെ അപൂര്‍വ്വമായ ജൈവ വൈവിധ്യ സമ്പത്തിനെ തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമയാണ് കോളജിലെ 20 ഇനം മരവിഭാഗങ്ങളില്‍ നിന്നായി ഏതാണ്ട് നാല്‍പ്പതോളം വൃക്ഷങ്ങള്‍ മുറിച്ചു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.
മഹാഗണി, വാക, ഉങ്ങ്, ചമത, പ്ലാവ് തുടങ്ങിയ മരങ്ങളാണ് മുറിച്ചു മാറ്റപ്പെടുന്നത് എന്നത് ഗൗരവകരവും ഈ നടപടി കോളജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതിന്റെ ഭാഗവുമാണ്. നേരത്തെയും സമാനരൂപത്തില്‍ അനധികൃതമായി കോളേജിലെ മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അടിയന്തിരമായി ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയതായും, ഏക്കര്‍ കണക്കിന് സ്ഥലം സ്വന്തമായുള്ള കോളജില്‍ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ കോളജധികൃതര്‍ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി ടികെ സിബി പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it