kozhikode local

മടപ്പള്ളി കോളജില്‍ അനിശ്ചിതകാല വിദ്യാര്‍ഥി സമരം ആരംഭിച്ചു

വടകര: ഏകപക്ഷീയമായ അക്രമം അരങ്ങേറിയ മടപ്പള്ളി കോളജില്‍ മര്‍ദനമേറ്റ രണ്ട് യുഡിഎസ്എഫ് പ്രവര്‍ത്തകരെയും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെയും സസ്‌പെന്‍ഡ് ചെയ്ത കോളജ് അധികൃതരുടെ നടപടി പ്രശ്‌നത്തിന്റെ ഗൗരവം കുറച്ച് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ആക്ഷേപം. പെണ്‍കുട്ടികളടക്കം നിരവധി വിദ്യാര്‍ഥികളെയും, നാട്ടുകാരെയുമാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അതിക്രൂരമായി മര്‍ദിച്ചത്. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വലിയ സംഘര്‍ഷത്തിലെത്തിച്ചത്.
എന്നാല്‍ എല്ലാ സീറ്റുകളും നേടിയിട്ടും മറ്റു വിദ്യാര്‍ഥി സംഘടനകളെ ഇല്ലായ്മ ചെയ്യാനുള്ള എസ്എഫ്‌ഐയുടെ നീക്കമാണ് സംഘര്‍ഷത്തിലെത്തിച്ചത്. ഇതര സംഘടനകളില്‍പെട്ട വിദ്യാര്‍ഥികളെ തിരഞ്ഞ് പിടിച്ച് അക്രമിക്കുകയും ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനികളെയും പരസ്യമായി റോഡിലിട്ട് അക്രമിക്കുകയുമാണുണ്ടായത്.
പെണ്‍കുട്ടികളെ അക്രമിക്കുന്നത് കണ്ട നാട്ടുകാരെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുപരിക്കേല്‍പ്പിച്ചു. എന്നാല്‍ എസ്എഫ്‌ഐയുടെ ഏകപക്ഷീയ അക്രമത്തില്‍ പരിക്കേറ്റ രണ്ട് യുഡിഎസ്എഫ് പ്രവര്‍ത്തകരെ പുറത്താക്കിയത് എന്തിനാണെന്നാണ് പൊതുവിലുള്ള ചോദ്യം.
ഇത് സംബന്ധിച്ച് കോളജ് പ്രിന്‍സിപ്പലിനും വ്യക്തതയില്ല. ചില ഇടത് അനുകൂല അധ്യാപകര്‍ ചേര്‍ന്നുള്ള നാടകത്തിന്റെ ഭാഗമാണ് ഇത്തരം നടപടിയെന്നും ആക്ഷേപമുണ്ട്. പുറത്തുള്ളവരെ അക്രമിച്ച കേസില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് റിമാന്‍ഡില്‍ കഴിയുന്നത്. എന്നിട്ടും രണ്ട് പേരെ പുറത്താക്കിയതിന്റെ പൊരുളെന്താണെന്നാണ് നാട്ടുകാരും മറ്റു വിദ്യാര്‍ഥികളും ചോദിക്കുന്നത്.
അതേസമയം മടപ്പള്ളി കോളജില്‍ പെണ്‍കുട്ടികളെയടക്കം അക്രമിച്ച സംഭവത്തില്‍ നടപടിയെടുക്കാത്ത പ്രിന്‍സിപ്പളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎസ്എഫിന്റെ ആഭിമുഖ്യത്തിലുള്ള അനിശ്ചിതകാല വിദ്യാര്‍ഥി സമരം കോളജില്‍ ആരംഭിച്ചു. ചൊവ്വാഴ്ച സമരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ മുറിക്ക് മുന്നില്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് ഇന്നലെ കോളജിന് അവധി നല്‍കി.
വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് യുഡിഎസ്എഫ് തീരുമാനം. കാമ്പസില്‍ പൂര്‍ണ ജനാധിപത്യം പുനസ്ഥാപിക്കുന്നത് വരെ സമരരംഗത്തുണ്ടാവുമെന്നാണ് യുഡിഎസ്എഫ് പറയുന്നത്.
പെണ്‍കുട്ടികള്‍ വ്യക്തിപരമായി പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം കോളജ് അധികൃതര്‍ പെണ്‍കുട്ടികളുടെ വിഷയത്തില്‍ പോലും നിസ്സംഗത കാണിക്കുന്നത് പ്രതിഷേധത്തിനിടയാക്കുകയാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ കോളജ് തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് പ്രിന്‍സിപ്പളെ കണ്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച അക്രമ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹം കോളജില്‍ നിലയുറപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it