Kottayam Local

മഞ്ഞപ്പിത്തം ബാധിച്ച 16കാരന് ചികില്‍സ നിഷേധിച്ചു

ആര്‍പ്പൂക്കര: മഞ്ഞപ്പിത്തം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ 16കാരനെ വാര്‍ഡില്‍ കിടത്താതെ തിരിച്ചയച്ചു. സംഭവത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട് ഇടപെട്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത വാര്‍ഡിലെ ഡോക്ടര്‍ തന്നെ വീണ്ടും രോഗിയെ അഡ്മിറ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് 4.30ന് മെഡിക്കല്‍ കോളജ്് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലായിരുന്നു ചികില്‍സ നിഷേധിച്ച സംഭവമുണ്ടായത്. കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയായ 16കാരനാണ് ദുരനുഭവമുണ്ടായത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍നിന്ന് റഫര്‍ ചെയ്താണ് 16കാരനെ അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച 16 കാരനെ രക്തപരിശോധന, എക്‌സ്‌റേ തുടങ്ങിയ വിവിധ പരിശോധനകള്‍ക്കുശേഷം മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ആറാം വാര്‍ഡിലേക്ക് അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് അത്യാഹിതവിഭാഗത്തില്‍നിന്ന് ജീവനക്കാര്‍ രോഗിയെ സ്‌ട്രെച്ചറില്‍ കിടത്തി വാര്‍ഡിലെത്തിച്ചു. വാര്‍ഡിലെ പരിശോധനാ മുറിയിലെത്തിയ രോഗിയെ ഡ്യൂട്ടിയുണ്ടായിരുന്ന ഡോക്ടര്‍ പരിശോധിച്ച ശേഷം ഇവിടെ കിടത്താന്‍ ഇടമില്ലാത്തതിനാല്‍ മറ്റെവിടെയെങ്കിലും പോയി ചികില്‍സിക്കൂ എന്ന് പറഞ്ഞ് അഡ്മിഷന്‍ റദ്ദാക്കി. രോഗിയുടെ രണ്ടു കണ്ണുകള്‍ക്കും കടുത്ത മഞ്ഞപ്പിത്തമുണ്ടാവുകയും അസ്വസ്ഥനാവുകയും ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രോഗിയെ വീണ്ടും അത്യാഹിത വിഭാഗത്തിലെത്തിച്ചു. മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം അഡ്മിറ്റ് ചെയ്ത ഡോക്ടറെ വിവരം ധരിപ്പിച്ചു. അവര്‍ നിസ്സഹായത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇടപെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിനെ വിവരമറിയിക്കുകയും രോഗിയുടെ ബന്ധുക്കള്‍ സൂപ്രണ്ടിനു പരാതി നല്‍കുകയുമായിരുന്നു. ഇതെത്തുടര്‍ന്ന് ഉടന്‍തന്നെ വാര്‍ഡിലെക്കു ചെല്ലാന്‍ നിര്‍ദേശം ലഭിച്ചു. വര്‍ഡിലെത്തിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്ത ഡോക്ടര്‍തന്നെ 16കാരനെ അഡിമിറ്റ് ചെയ്യുകയായിരുന്നു. പരിശോധനകള്‍ക്കു ശേഷം അത്യാഹിത വിഭാഗം ഡോക്ടര്‍ അഡ്മിറ്റ് ചെയ്ത രോഗിയെ എന്തുകാരണത്താലാണ് വാര്‍ഡില്‍ ഡ്യൂട്ടിലുണ്ടായിരുന്ന ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്തതെന്നു വ്യക്തമല്ല. സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷിക്കണമെന്നു രോഗിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഡോക്ടറുടെ പെരുമാറ്റം തങ്ങള്‍ക്കു മനോവിഷമമുണ്ടാക്കിയെങ്കിലും കുട്ടിയുടെ ചികില്‍സയെ ഓര്‍ത്ത് രേഖാമൂലം പരാതി നല്‍കുന്നില്ലെന്നും രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it