Pathanamthitta local

മഞ്ഞപ്പിത്തം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

പത്തനംതിട്ട: ഓമല്ലൂര്‍ പ്രദേശത്ത് മഞ്ഞപ്പിത്തത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ഡിഎംഒ ഡോ.ഗ്രേസി ഇത്താക്ക് അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസ്, ഓമല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ പറയനാലി കമ്മ്യൂണിറ്റി ഹാള്‍, ഐമാലി വെസ്റ്റ്, ഈസ്റ്റ് അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ രോഗനിര്‍ണയ ക്യാംപ് നടത്തി.
ഡെപ്യൂട്ടി ഡിഎംഒ ഡോ. എല്‍ അനിതകുമാരി ക്ലാസെടുത്തു. ജില്ലാ മാസ്മീഡിയ ഓഫിസര്‍ സുജ സി ആര്‍, ടെക്‌നിക്കല്‍ അസി. സി ജി ശശിധരന്‍, അനില്‍കുമാര്‍, ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസര്‍ പി ഉദയകുമാരി, റോസമ്മ മാത്യു, സിറാജുദീന്‍ പങ്കെടുത്തു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മഞ്ഞപ്പിത്തത്തിനെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂയെന്ന് ഡിഎംഒ ഡോ.ഗ്രേസി ഇത്താക്ക് അറിയിച്ചു. ഭക്ഷണ സാധനങ്ങള്‍ മൂടിവയ്ക്കണം. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത്. പ്രാഥമിക കൃത്യങ്ങള്‍ക്കുശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടത്തണം.
വിശപ്പിലായ്മ, മനംപുരട്ടല്‍, ക്ഷീണം, ഛര്‍ദ്ദി, പനി, തലവേദന എന്നിവയും മൂത്രത്തിനും കണ്ണ്, ത്വക്ക് എന്നിവയ്ക്ക് മഞ്ഞനിറം കാണുകയും ചെയ്താല്‍ ഉടന്‍ ചികില്‍സ തേടുകയും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്യണമെന്ന് ഡിഎംഒ അറിയിച്ചു.
Next Story

RELATED STORIES

Share it