Pathanamthitta local

മഞ്ഞപ്പിത്തം: ജനങ്ങള്‍ ജാഗ്രത പാലിക്കണം



പത്തനംതിട്ട: ജില്ലയില്‍ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലത്തിലൂടെ പകരുന്ന വൈറസ് രോഗമായ മഞ്ഞപ്പിത്തം പടരാന്‍ സാധ്യതയുണ്ടെന്ന് ഡിഎംഒ ഡോ.സോഫിയാ ബാനു അറിയിച്ചു. തുടക്കത്തില്‍ ചെറിയ പനി, വിശപ്പില്ലായ്മ, ആഹാരത്തോട് വെറുപ്പ്, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. മൂന്ന്, നാല് ദിവസത്തിനകം മൂത്രം മഞ്ഞനിറത്തിലുള്ളതാവും. ഇതോടൊപ്പം കണ്ണിനും മഞ്ഞനിറവും ഉണ്ടാവും. മഞ്ഞപ്പിത്തം അഞ്ചോ ആറോ ആഴ്ചകള്‍ക്കുശേഷവും കുറയാതിരിക്കുക, കരളിലെ വീക്കം വിട്ടുമാറാതെ സ്ഥായിയായിത്തീരുക എന്നീ അവസ്ഥകളും ഉണ്ടാവും. മഞ്ഞപ്പിത്തമാണെന്ന് ഉറപ്പാക്കിയാല്‍ രോഗി പൂര്‍ണമായി വിശ്രമിക്കണം. പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ വൃത്തിയാക്കുക, കായികാധ്വാനം ഒഴിവാക്കുക, മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.മുന്‍കരുതലുകള്‍:  കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും വെട്ടിത്തിളപ്പിച്ച് ആറ്റിയ വെള്ളം മാത്രം കുടിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക, നാപ്കിനുകള്‍ ശരിയായവിധം സംസ്‌കരിക്കുക, വെള്ളം കുടിക്കുന്ന പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുക, മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രം നടത്തുക, ആഹാരത്തിനു മുമ്പും ശൗചത്തിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, കുടിവെള്ളവും ആഹാര സാധനങ്ങളും അടച്ചു സൂക്ഷിക്കുക, ഐസ് സ്റ്റിക്ക്, സിപ്പ് അപ്, ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക, ശീതള പാനീയത്തിന് ഉപയോഗിക്കുന്ന ജലം ശുദ്ധമാണെന്നും ഇതില്‍ ഉപയോഗിക്കുന്ന ഐസ് മല്‍സ്യം കേടാകാതെയിരിക്കാന്‍ ഉപയോഗിക്കുന്നതല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
Next Story

RELATED STORIES

Share it