malappuram local

മഞ്ഞപ്പിത്തം: ചേലേമ്പ്രയില്‍ കൊതുകിന്റെ കൂത്താടികളെ പരിശോധനയ്ക്കയച്ചു

തേഞ്ഞിപ്പലം: മഞ്ഞപ്പിത്തം റിപോര്‍ട്ട് ചെയ്യപ്പെട്ട ചേലേമ്പ്രയില്‍ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതയില്‍. പരിശോധനയില്‍ പുല്ലിപറമ്പ് പ്രദേശത്തെ കിണറില്‍ കൊതുകുകളുടെ കൂത്താടികള്‍ കണ്ടത്തിയതിനെ തുടര്‍ന്ന്  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. കിണറില്‍ നിന്നും കൂത്താടികളെ ശേഖരിച്ച് വിദഗ്ധ പഠനത്തിനായി കോഴിക്കോട് ഡിവിസി യൂനിറ്റിലെ എന്റമോളജി കണ്‍സള്‍ട്ടന്റ് അഞ്ജു വിശ്വനാഥിന് കൈമാറി. തുടര്‍ന്ന് കിണറില്‍ ഗപ്പി മല്‍സ്യം നിക്ഷേപിച്ചു. കിണര്‍ കൊതുക് വലകൊണ്ട് മൂടുവാന്‍ നിര്‍ദേശം നല്‍കി.
വീടുകളിലെ കിണറുകളില്‍ നിന്ന് ആഴ്ചയിലൊരിക്കല്‍ കിണര്‍ജലം തൊട്ടികളില്‍ ശേഖരിച്ച് നിരീക്ഷിക്കുവാനും കൂത്താടികളെ കാണുന്ന പക്ഷം ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കാനും പൊതുകിണറുകള്‍ ഉള്‍പ്പെടെ എല്ലാ കിണറുകളും കൊതുകുവലകൊണ്ടു മൂടുവാനും മെഡിക്കല്‍ ഓഫിസര്‍ ഡോ. മേനകാ വാസുദേവ് ആവശ്യപ്പെട്ടു. ഇന്നലെ ഇടിമൂഴിക്കല്‍ സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ ജാഗ്രത അവലോകന യോഗത്തില്‍ പഞ്ചായത്തിലെ പൊതുജനാരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. മഞ്ഞപ്പിത്തം റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ക്ലോറിനേഷനും ആരോഗ്യ ബോധവല്‍ക്കരണവും നടത്താന്‍ തീരുമാനിച്ചു. വീടുകളും സ്ഥാപനങ്ങളും കേന്ദീകരിച്ച് ഊര്‍ജിത ഉറവിട നശീകരണം നടത്താനും കൊതുക് സാന്ദ്രതാ പഠനം ഊര്‍ജിതപ്പെടുത്താനും തീരുമാനിച്ചു. സ്ഥാപന പരിശോധനകള്‍ നടത്താനും വിദ്യാലയ പരിശോധന നടത്താനും തീരുമാനിച്ചു.
വിദ്യാലയങ്ങളിലെ മുഴുവന്‍ കിണറുകളും പൊതുകിണറുകളും ക്ലോറിനേഷന്‍ നടത്താനും തീരുമാനിച്ചു—. വികസന സ്ഥിരസമിതി ചെയര്‍മാന്‍ അസീസ് പാറയില്‍, ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍മാന്‍ ഉദയകുമാരി, ആരോഗ്യ സ്ഥിരസമിതി ചെയര്‍മാന്‍ ശിവദാസന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. മേനകാ വാസുദേവ്, ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍ പി ഗിരീഷ്—, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ മുഹമ്മദ്— ഷമീര്‍, രാജ്കുമാര്‍, ജൂനിയര്‍ പബ്ലിക് നഴ്‌സുമാരായ അരുണ, ജൈല തുടങ്ങിയവര്‍ക്കുപുറമെ 18വാര്‍ഡുകളെയും പ്രതിനിധീകരിച്ച് വാര്‍ഡ് ജനപ്രതിനിധികള്‍, ആശ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകരും പൗരപ്രമുഖരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it