മഞ്ചേശ്വരത്ത് മാറ്റുരയ്ക്കുന്നത് ഒന്നിലേറെ ഭാഷകള്‍ സംസാരിക്കുന്ന മഹിളകള്‍

കാസര്‍കോഡ്: ജില്ലാ പഞ്ചായത്തിലെ ഒന്നാം ഡിവിഷനായ മഞ്ചേശ്വരത്ത് മാറ്റുരയ്ക്കുന്നത് ഒന്നിലേറെ ഭാഷകള്‍ സംസാരിക്കുന്ന മഹിളകള്‍. കര്‍ണാടകയില്‍നിന്ന് വിവാഹം കഴിഞ്ഞെത്തി കേരളത്തിന്റെ മരുമകളായ യുഡിഎഫ് സ്ഥാനാര്‍ഥി ഫരീദ സക്കീര്‍ അഹമദും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐറിന്‍ ജോസഫൈന്‍ ഡിസൂസയുമാണ് പ്രധാന മല്‍സരം.
ഇവിടെ ബിജെപിയിലെ ചഞ്ചലാക്ഷിയും മല്‍സരിക്കുന്നുണ്ട്. ഉഡുപ്പി സ്വദേശിനിയായ ഫരീദ സക്കീര്‍ ബിരുദ ധാരിയാണ്. ഇവരെ വിവാഹം ചെയ്തത് കാസര്‍കോഡ് മൊഗ്രാലിലെ അഡ്വ. സക്കീര്‍ അഹമദാണ്. കന്നഡ, ഇംഗ്ലീഷ്, മലയാളം, ബ്യാരി, ഉര്‍ദു, കൊങ്കിണി, തുളു ഭാഷകള്‍ ഇവര്‍ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നുണ്ട്. മൂന്നാംതവണയാണ് ഫരീദ സക്കീര്‍ അഹമദ് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നത്. ഒരു തവണ ഉപ്പള ഡിവിഷനില്‍നിന്നു കഴിഞ്ഞതവണ കുമ്പള ഡിവിഷനില്‍നിന്നുമാണ് ഇവര്‍ ജില്ലാപഞ്ചായത്തംഗമായത്. ഈ പ്രാവശ്യം മഞ്ചേശ്വരത്ത് നിന്നാണ് മല്‍സരിക്കുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐറിന്‍ ജോസഫൈന്‍ ഡിസൂസ കൊങ്കിണി ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. തുളു, കന്നഡ, കൊങ്കിണി, മറാഠി, മലയാളം ഭാഷകള്‍ സംസാരിക്കുന്നുണ്ട്. സിപിഎം മീഞ്ച ലോക്കല്‍ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മീഞ്ച പഞ്ചായത്തംഗമാണ്. ബിജെപി സ്ഥാനാര്‍ഥി ചഞ്ചലാക്ഷിയും വിവിധ ഭാഷകള്‍ സംസാരിക്കുന്നുണ്ട്. മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴു വാര്‍ഡുകളും മംഗല്‍പാടിയിലെ 19 വാര്‍ഡുകളും പൈവളിഗെയിലെ നാല്, മീഞ്ചയിലെ രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് ഡിവിഷന്‍.
Next Story

RELATED STORIES

Share it