മഞ്ചേശ്വരത്ത് എട്ട് ഭാഷകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം

അബ്ദുര്‍റഹ്മാന്‍ ഉദ്യാവര്‍

മഞ്ചേശ്വരം: സപ്തഭാഷാ സംഗമഭൂമിയായ അത്യുത്തര കേരളത്തിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് പോസ്റ്ററടിക്കേണ്ടതും പ്രസംഗിക്കേണ്ടതും വ്യത്യസ്ത ഭാഷകളില്‍.
മലയാളം, കന്നഡ, ഹിന്ദി, തുളു, ഉര്‍ദു, കൊങ്കിണി, ബ്യാരി, മറാഠി, തുളു ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളാണ് ഈ മണ്ഡലത്തില്‍ കൂടുതലായും വസിക്കുന്നത്. അതുകൊണ്ടു തന്നെ പൊതുതിരഞ്ഞെടുപ്പുകളില്‍ ദേശീയ നേതാക്കള്‍ ഇവിടങ്ങളിലെത്തി വിവിധ ഭാഷകളിലാണ് സംസാരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, എണ്‍മകജെ, ബെള്ളൂര്‍, ദേലമ്പാടി, കാറഡുക്ക, ബദിയടുക്ക പഞ്ചായത്തുകളിലാണ് കൂടുതലായും ഒന്നിലേറെ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ വസിക്കുന്നത്. തുളുവാണ് മാതൃഭാഷയെങ്കിലും ഉര്‍ദു സംസാരിക്കുന്ന ഹനഫികളും ബ്യാരി ഭാഷകള്‍ സംസാരിക്കുന്ന മുസ്‌ലിംകളും കൊങ്കിണി, മറാഠി ഭാഷകള്‍ സംസാരിക്കുന്നവരും വസിക്കുന്നുണ്ട്.
മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി, മഞ്ചേശ്വരം, പൈവളിഗെ പഞ്ചായത്തുകളില്‍ ഉര്‍ദു സംസാരിക്കുന്ന ഹനഫികളുണ്ട്. തുളു, കൊങ്കിണി ഭാഷകള്‍ക്ക് ലിപികള്‍ ഇല്ലാത്തതിനാല്‍ ഇവ അച്ചടിയില്‍ നിന്ന് ഒഴിവാണെങ്കിലും പൊതുയോഗം, കണ്‍വന്‍ഷനുകള്‍ തുടങ്ങിയ പൊതുപരിപാടികളില്‍ ഈ രണ്ടു ഭാഷകളും സജീവമാണ്.
മഞ്ചേശ്വരം മണ്ഡലത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും കന്നട ആണ് പ്രചാരണത്തിന് മുഖ്യമായും ഉപയോഗിക്കുന്നത്. ഹനഫി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഉപ്പളയില്‍ ഉര്‍ദുവും മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച തുടങ്ങിയ പഞ്ചായത്തുകളില്‍ കൊങ്കിണിയും കന്നട ഭാഷയും ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, പൈവളിഗെ, എണ്‍മകജെ, കുമ്പള, മംഗല്‍പാടി എന്നിവിടങ്ങളില്‍ കന്നടയ്‌ക്കൊപ്പം തുളു ഭാഷയും ഉപയോഗിക്കുന്നുണ്ട്. പുത്തിഗെ മംഗല്‍പാടി പഞ്ചായത്തുകളില്‍ മാത്രമാണ് മലയാളം മുന്നിട്ടു നില്‍ക്കുന്നത്.
കന്നടയില്‍- നിമ്മ അമൂല്യവാദ മദഗളൊന്നു നനകെ കൊട്ടു നന്നൊന്നു പ്രചണ്ട ബഹുമദിണ്ട ഗെലിസി, തുളുവില്‍- നിക്കിള്‍ന അമൂല്യവാഗിന മദനു യെന്‍ക്ക് കൊറുടു യെന്ന പ്രചണ്ട ബഹുമതാടു ഗെല്‍പവോടുണ്ടു കെനൊന്തുലു, കൊങ്കിണിയില്‍- തുംകലെ അമൂല്യ ജാവന്‍ അസിലെ വോട്ടു മസ്‌ക ദീവുക, ബ്യാരിയില്‍- നിങ്ങളൊ അമൂല്യമായോ വോട്ട് നനക്ക് തന്ത് നങ്ങളോ നിങ്ങ ഗെണ്ടപൊട്ടണോ, ഉര്‍ദുവില്‍- ആപ് അപ്‌ന കീമത്തി വോട്ട് മുജെ ദേകര്‍ മുജെ ഗെര്‍ മാമൂലി അക്ഷരിയത്ത് കി സാത്ത് ജിത്ത്‌വായെ എന്നെല്ലാം പറയുന്നുണ്ടെങ്കിലും എല്ലാറ്റിന്റെയും അര്‍ത്ഥം ഒന്നു തന്നെയാണ്, നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എന്റെ തിരഞ്ഞെടുപ്പ് അടയാളത്തില്‍ രേഖപ്പെടുത്തി ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നുവെന്നത് തന്നെ.
Next Story

RELATED STORIES

Share it