Flash News

മഞ്ചേശ്വരം മണ്ഡലത്തിലെ 259 വോട്ടര്‍മാരെ ഹൈക്കോടതി വിളിച്ചു വരുത്തും



കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹരജിയില്‍ 259 വോട്ടര്‍മാരെ ഹൈക്കോടതി വിളിച്ചു വരുത്തി തെളിവെടുക്കുന്നു. സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ടു ചെയ്തിട്ടുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് ഇവര്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടത്. ഇവര്‍ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ജൂണ്‍ എട്ട്, ഒമ്പത് തിയ്യതികളിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ഹാജരാവാന്‍ കഴിയുന്ന തരത്തില്‍ സമന്‍സ് അയക്കാനാണ് നിര്‍ദേശം. മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ടു നടന്നതായി ആരോപിച്ചാണ് സുരേന്ദ്രന്‍ ഹരജി നല്‍കിയിരിക്കുന്നത്. അബ്ദുല്‍ റസാഖ് 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട് നടന്നില്ലായിരുന്നെങ്കില്‍ തന്റെ വിജയം ഉറപ്പായിരുന്നെന്നാണ് സുരേന്ദ്രന്റെ വാദം. വിദേശങ്ങളിലുള്ളവരുടെ പേരില്‍ വോട്ടു ചെയ്തിട്ടുണ്ടോയെന്നറിയാന്‍ എമിഗ്രേഷന്‍ രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദേശിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യവും കോടതി പരിഗണിക്കും. 167 ബൂത്തുകളിലെ 43 എണ്ണത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള തെളിവെടുപ്പ് കോടതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പരിശോധിക്കുന്നതിനായി വോട്ടിങ് യന്ത്രങ്ങള്‍ എറണാകുളം കലക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുമുണ്ട്.
Next Story

RELATED STORIES

Share it