Flash News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്‌വോട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെട്ട പരേതന്‍ ഹൈക്കോടതിയില്‍ നേരിട്ടെത്തി

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെട്ട പരേതന്‍ ഹൈക്കോടതിയില്‍ നേരിട്ടെത്തി. അബ്ദുര്‍റസാഖ് എംഎല്‍എയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് ഹമീദ് കുഞ്ഞിയെന്ന വോട്ടര്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസം, മരണപ്പെട്ട ചിലര്‍ വോട്ട് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്രന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച പട്ടികയിലുള്ളയാളാണ് കോടതിയില്‍ നേരിട്ടെത്തിയത്. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുള്ള താന്‍ വോട്ട് ചെയ്‌തെന്നും ഹമീദ് കുഞ്ഞി കോടതിയെ അറിയിച്ചു. വിദേശത്തായിരുന്നിട്ടും വോട്ടു ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പട്ടികയിലെ ചിലര്‍ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന്  കഴിഞ്ഞ ദിവസം കോടതിയിലെത്തിയിരുന്നു. ഇവരെയും കോടതി വിസ്തരിച്ചിരുന്നു. 26 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോള്‍ 20 പേരും വോട്ടിങ് ദിനത്തില്‍ വിദേശത്തായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുര്‍റസാഖ് വിജയിച്ചത്. വിദേശത്തുള്ളവരുടെയും മരിച്ചുപോയവരുടെയും പേരുകളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ആരോപിച്ചാണ് എതിര്‍സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ ഹരജി നല്‍കിയത്. തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കള്ളവോട്ട് സംബന്ധിച്ച ആരോപണമുയര്‍ന്ന 259 വോട്ടര്‍മാരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താന്‍ കോടതി സമന്‍സയച്ചിട്ടുണ്ട്. ഭീഷണിയുണ്ടെന്ന മെസഞ്ചറുടെ പരാതിയെ തുടര്‍ന്ന് നാലു പേര്‍ക്ക് പോലിസ് സംരക്ഷണത്തോടെ സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it