Flash News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ്‌ : സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയത് അടിസ്ഥാനമില്ലാത്ത കണക്ക്



അബ്ദുര്‍റഹ്്മാന്‍ ആലൂര്‍

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ വിജയത്തെ ചോദ്യംചെയ്ത് തൊട്ടടുത്ത എതിരാളിയായിരുന്ന ബിജെപിയിലെ കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍ നല്‍കിയ വസ്തുതകള്‍ വ്യാജമാണെന്ന് മുസ്്‌ലിംലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 89 വോട്ടുകള്‍ക്കാണ് പി ബി അബ്ദുര്‍റസാഖ് വിജയിച്ചത്. കള്ളവോട്ടും പരേതാത്മാക്കളുടെ വോട്ടും ചെയ്താണ് വിജയിച്ചതെന്ന് കാണിച്ചാണ് കേസ് ഫയല്‍ചെയ്തത്.  ഇതിന്റെ അടിസ്ഥാനത്തില്‍ 259 പേരുടെ പട്ടിക തയ്യാറാക്കുകയും ഇവരെ കഴിഞ്ഞ എട്ട് മുതല്‍ വിചാരണയ്ക്ക് വിളിച്ചുവരുത്തുകയുമാണ്. കഴിഞ്ഞ ദിവസം മൂന്നുപേര്‍ കേസില്‍ ഹാജരായിരുന്നു. ഇതില്‍ ഒരാള്‍ വിദേശത്താണെന്നും ഇയാളുടെ വോട്ട് കള്ളവോട്ട് ചെയ്തതെന്നുമുള്ള എതിര്‍ സ്ഥാനാര്‍ഥിയുടെ ആരോപണം അസംബന്ധമാണെന്ന് വ്യക്തമായിട്ടുണ്ട്. മഞ്ചേശ്വരം സ്വദേശിയായ പ്രസ്തുത വ്യക്തിയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി മൂന്ന് വര്‍ഷം മുമ്പ് അവസാനിച്ചിരുന്നു. ഇത് പുതുക്കിയിരുന്നില്ല. തന്റെ വോട്ട് താന്‍ സ്വന്തമാണ് ചെയ്തതെന്നും ഇയാള്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇയാളുടെ സഹോദരിയുടെ വോട്ട് കള്ളവോട്ട് ചെയ്തുവെന്ന ആരോപണവും തെളിയിക്കാനായില്ല. പൂര്‍ണ ഗര്‍ഭിണിയായതിനാല്‍ യുവതി കോടതിയില്‍ ഹാജരായിരുന്നില്ല. ഇന്ന് 11 പേരെ വിസ്തരിക്കാന്‍ കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ഥിയുടെ ആരോപണം 88 പേര്‍ ഇരട്ട വോട്ട് ചെയ്തുവെന്നായിരുന്നു. എന്നാല്‍, ഇതില്‍തന്നെ എട്ട് വോട്ടുകള്‍ ഇരട്ടയായിട്ടുണ്ട്. 191 പേര്‍ ഗള്‍ഫിലായിരുന്നുവെന്നും ഇവരുടെ കള്ളവോട്ട് ചെയ്തിരുന്നുവെന്നും സത്യവാങ്മൂലം നല്‍കിയിരുന്നു. വിദേശകാര്യമന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ 20 പേരുടെ വോട്ട് മാത്രമാണ് ഇങ്ങനെ ചെയ്തതെന്നാണ് കണ്ടെത്തിയത്. മാത്രവുമല്ല; മഞ്ചേശ്വരം മണ്ഡലത്തിലെ പ്രവാസി വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് നാട്ടിലെത്തി വോട്ടുചെയ്യുന്നത്. ഇവരുടെ കണക്ക് ബന്ധപ്പെട്ടവര്‍ക്ക് ശേഖരിക്കാന്‍ കഴിയാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ആറ് മരണപ്പെട്ടവരുടെ വോട്ടും ചെയ്തുവെന്ന് സുരേന്ദ്രന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ നാലുപേര്‍ ജീവിച്ചിരിപ്പുണ്ട്. 15ന് ഹൈക്കോടതിയില്‍ ഹാജരാവാന്‍ നോട്ടീസ് ലഭിച്ചവരില്‍ ബിജെപി സ്ഥാനാര്‍ഥി മരണപ്പെട്ടുവെന്ന് കാണിച്ച് നല്‍കിയ മഞ്ചേശ്വരം വോര്‍ക്കാടി ബാക്രബയലിലെ ഇദ്ദീന്‍കുഞ്ഞിയുടെ മകന്‍ ഹമീദ് കുഞ്ഞി(79)യും ഉള്‍പ്പെടും. എന്നാല്‍, അംഗപരിമിതനായ ഇയാള്‍ക്ക് ഇന്നലെ കോടതി നിര്‍ദേശിച്ച മൂന്നു പോലിസുകാര്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വീട്ടില്‍കൊണ്ടുപോയി നോട്ടീസ് നല്‍കി. താന്‍ മരിച്ചിട്ടില്ലെന്നും ജീവനോടെ ഇരിക്കുകയാണെന്നും തന്റെ വോട്ട് താന്‍ മാത്രമാണ് ചെയ്തതെന്നും ഇദ്ദീന്‍കുഞ്ഞി തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it