മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാന ഘട്ടത്തിലേക്ക്

അബ്ദുര്‍റഹ്മാന്‍  ആലൂര്‍
കാസര്‍കോട്: മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തില്‍ നിന്ന് മുസ്‌ലിം ലീഗിലെ പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിചാരണ അവസാന ഘട്ടത്തില്‍. 69 പേര്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ സമന്‍സ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തി പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രവാസികളുടെയും പരേതാത്മാക്കളുടെയും കള്ളവോട്ട് ചെയ്താണ് വിജയിച്ചതെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ അഡ്വ. രാംകുമാര്‍ മുഖേനയാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. മണ്ഡലത്തിലെ 291 വോട്ടര്‍മാരെ വിസ്തരിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇതില്‍ 91 പേരെ നേരത്തേ കോടതി വിസ്തരിച്ചു. ആറു പരേതാത്മാക്കളുടെ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ചിരുന്നു. ഇതില്‍ ഷിറിയയിലെ മൊയ്തീന്‍കുഞ്ഞി, ഉപ്പളയിലെ ഹൈസനാര്‍ എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി. ഉപ്പള മുളിഞ്ചയിലെ എ അഹ്മദ്, പൈവളിഗെയിലെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ മരണപ്പെട്ടിരുന്നു. ഇതിന്റെ രേഖകള്‍ ബന്ധുക്കള്‍ കോടതിക്ക് കൈമാറിയിരുന്നു.
എന്നാല്‍, പ്രവാസികളുടെ കള്ളവോട്ടുകള്‍ ചെയ്തുവെന്ന ഹരജിക്കാരന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗള്‍ഫിലുള്ളവരെ ഹാജരാക്കണമെങ്കില്‍ വിമാന ടിക്കറ്റിന്റെ പണം കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഈ തുക ഹരജിക്കാരന്‍ കെട്ടിവയ്ക്കാന്‍ തയ്യാറായില്ല. ഏതാനും മാസം മുമ്പ് നടന്ന സിറ്റിങില്‍ മഞ്ചേശ്വരം മണ്ഡലത്തിന്റെ ഒമ്പതു വോട്ടര്‍മാര്‍ക്ക് പോലിസ് സംരക്ഷണത്തോടുകൂടി ആമീന്‍ സമന്‍സ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസിന്റെ സഹായത്തോടെ കോടതിയിലെ ആമീന്‍ സമന്‍സുമായി മഞ്ചേശ്വരം കാടിയാറിലെ സിദ്ദീഖ്, ബങ്കര മഞ്ചേശ്വരത്തെ മുസ്തഫ, സുലൈമാന്‍, ഇബ്രാഹീം ഖലീല്‍, അബ്ദുല്‍ നിസാം, രാമത്ത് മജലിലെ മുഹമ്മദ് നിയാസ്, സിദ്ദീഖ്, മുസ്തഫ എന്നിവര്‍ക്ക് സമന്‍സ് നല്‍കാന്‍ എത്തിയിരുന്നുവെങ്കിലും ഇവര്‍ സ്ഥലത്തില്ലാത്തതിനാല്‍ സമന്‍സ് കൈപ്പറ്റിയിട്ടില്ല. ഇവര്‍ മഞ്ചേശ്വരം പഞ്ചായത്തിലെ 19, 20 ബൂത്തുകളിലെ വോട്ടര്‍മാരായിരുന്നു. ഇവരോട് കഴിഞ്ഞ 11ന് ഹാജരാവാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍, ഈ ഒമ്പതു പേരും ഹാജരാവാത്തതിനെ തുടര്‍ന്ന് കേസ് തീര്‍പ്പാക്കാന്‍ കോടതി ഹരജി ഭാഗത്തിന്റെ അഭിപ്രായം തേടിയപ്പോള്‍ ഒരവസരം കൂടി അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് 69 പേര്‍ക്കുകൂടി സ്പീഡ് പോസ്റ്റ് വഴി സമന്‍സ് അയക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതിലാണ് 69 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്. പി ബി അബ്ദുര്‍റസാഖ് എംഎല്‍എ—ക്കു വേണ്ടി അഡ്വ. ശ്രീകുമാറാണ് കേസില്‍ ഹാജരാവുന്നത്.
Next Story

RELATED STORIES

Share it