Flash News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ ബിജെപിക്ക് തിരിച്ചടി ; ഒപ്പുകള്‍ പരിശോധിക്കണമെന്ന വാദം കോടതി തള്ളി



മഞ്ചേശ്വരം: കഴിഞ്ഞ ലോ ക്‌സഭാ തിരഞ്ഞെടുപ്പിലെ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഒപ്പുകള്‍ പരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി.മണ്ഡലത്തില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രനാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.  കഴിഞ്ഞ 27നു നടന്ന സിറ്റിങില്‍ വോട്ടര്‍മാരടെ ഒപ്പുകള്‍ ലാബിലേക്ക് അയക്കണമെന്നും സമന്‍സ് അയച്ചപ്പോള്‍ കൈപ്പറ്റിയ മാതാപിതാക്കളെ വിളിച്ചുവരുത്തി വിസ്തരിക്കണമെന്നും ഇതേവരെ ഹാജരാവാത്തവരുടെ പേരുകള്‍ കോടതി പത്രപരസ്യം മുഖേന പ്രസിദ്ധീകരിച്ചു വിളിച്ചുവരുത്തണമെന്നുമുള്ള മൂന്ന് ആവശ്യങ്ങളാണ് വാദിഭാഗം ഉന്നയിച്ചത്. എന്നാല്‍, ഈ ആവശ്യങ്ങള്‍ ഇന്നലെ നടന്ന സിറ്റിങില്‍ കോടതി തള്ളിക്കളഞ്ഞു. 259 പേരെ വിസ്തരിക്കാനായിരുന്നു സുരേന്ദ്രന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 174 പേരെ വിസ്തരിക്കുകയും 11 പേരെ ഒഴിവാക്കുകയും ചെയ്തിരുന്നു. അവശേഷിക്കുന്നവരില്‍ അഞ്ചുപേര്‍ അസുഖമായി നാട്ടിലും മൂന്നുപേര്‍ തിരഞ്ഞെടുപ്പിനു ശേഷം മരിച്ചതായും കോടതിയെ അറിയിച്ചിരുന്നു. ഇനി അവശേഷിക്കുന്ന 66 പേരെ വിസ്തരിക്കണമെങ്കില്‍ ഇവര്‍ക്കു നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് തുക വാദിഭാഗം കോടതിയില്‍ കെട്ടിവയ്ക്കണം. കോടതിയില്‍ പണം കെട്ടിവച്ചില്ലെങ്കില്‍ വിദേശത്തുള്ളവരെ വരുത്തി വിസ്തരിക്കാനാവില്ല. 89 വോട്ടുകള്‍ക്കാണ് റസാഖ് വിജയിച്ചത്. എന്നാല്‍, വാദിഭാഗം മരിച്ചതായി ലിസ്റ്റ് നല്‍കിയ ആറുപേരില്‍ നാലുപേര്‍ നേരിട്ട് കോടതിയില്‍ ഹാജരായി തങ്ങള്‍ സ്വമേധയാ വോട്ട് ചെയ്തതാണെന്നു വ്യക്തമാക്കിയിരുന്നു. മരിച്ചവരുടെയും പ്രവാസികളുടെയും കള്ളവോട്ടുകള്‍ ചെയ്താണ് അബ്ദുര്‍റസാഖ് വിജയിച്ചതെന്നാണ് സുരേന്ദ്രന്റെ അഭിഭാഷകന്റെ വാദം.അതേസമയം, കേസില്‍ ഇതുവരെ വാദം കേട്ട ജഡ്ജി രാമകൃഷ്ണന്‍ നാളെ സര്‍വീസില്‍ നിന്നു വിരമിക്കും. പുതിയ ജഡ്ജിയെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയതിനു ശേഷം മാത്രമേ ഇനി കേസില്‍ വിചാരണ ആരംഭിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it