Flash News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് : പ്രവാസികളാണെന്ന് ആരോപിച്ച 11 പേര്‍ ഹൈക്കോടതിയില്‍ ഹാജരായി



കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ വിജയത്തെ ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച കേസില്‍ ഇന്നലെ 11 പേര്‍ കോടതിയില്‍ ഹാജരായി. പ്രവാസികളുടെയും പരേതാത്മാക്കളുടെയും കള്ളവോട്ട് ചെയ്താണ് അബ്ദുര്‍റസാഖ് വിജയിച്ചതെന്നാരോപിച്ച് 254 പ്രവാസികള്‍ക്കും മറ്റ് ആറുപേര്‍ക്കും നോട്ടീസ് അയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്‍ കേസ് ഫയല്‍ ചെയ്തത്. ഇതിനുസരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച സമന്‍സിനെ തുടര്‍ന്ന് ഇതുവരെ 46 പേര്‍ കോടതിയില്‍ ഹാജരായി നിരപരാധിത്വം തെളിയിച്ചു. ഇന്നു 12 പേര്‍ ഹൈക്കോടതിയില്‍ ഹാജരാവും. ഇന്നലെ ഹാജരായ 11 പേരും തങ്ങള്‍ ഇതുവരെ ഗള്‍ഫില്‍ പോയിട്ടില്ലെന്നും തങ്ങളുടെ വോട്ട് സ്വയം ചെയ്തതാണെന്നും പറഞ്ഞു. ഇതിനുള്ള രേഖകളും ഇവര്‍ കോടതിയില്‍ ഹാജരാക്കി. മംഗല്‍പാടി ഷിറിയ സ്വദേശികളായ ആസ്യമ്മ, ലത്തീഫ്, മറിയമ്മ മുട്ടം, അബൂബക്കര്‍ ഷിറിയ, നസീമ മുട്ടം, മൊയ്തീന്‍ മുട്ടം, മുഹമ്മദ് മുട്ടം, അബൂബക്കര്‍ ഷിറിയ, മുഹമ്മദ് ആസിഫ് ഷിറിയ, അബ്ദുല്ല മുട്ടം, അബ്ദുല്‍അസീസ് ചിപ്പാര്‍ പൈവളിഗെ എന്നിവരാണ് ഇന്നലെ കോടതിയില്‍ ഹാജരായത്. അതിനിടെ സുരേന്ദ്രന്‍ നോട്ടീസ് അയക്കാന്‍ ലിസ്റ്റ് നല്‍കിയ ന്യൂനപക്ഷ മോര്‍ച്ച നേതാവും മുട്ടത്തെ വ്യാപാരിയുമായ അഷ്‌റഫ് ഇന്നലെ കോടതിയില്‍ ഹാജരായില്ല. 15 വര്‍ഷം മുമ്പ് ഗള്‍ഫിലായിരുന്ന ഇയാളുടെ പേരില്‍ കഴിഞ്ഞ തവണ കള്ളവോട്ട് ചെയ്‌തെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. മുട്ടം കേന്ദ്രീകരിച്ച് സാധനങ്ങള്‍ വിതരണം ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ബിജെപിയുടെ പോഷകസംഘടനയായ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അഷ്‌റഫ്.
Next Story

RELATED STORIES

Share it